ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു മതം സ്വീകരിച്ച് മുസ്ലീം യുവതി. ബറേലി സ്വദേശിനി മഹ്‌വിഷ് ആണ് ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മത്തിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ ബാല്യകാല സുഹൃത്തും കാമുകനുമായ ശരൺ മൗര്യയെ പെൺകുട്ടി വിവാഹം ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദു ആചാര പ്രകാരം മഹ്‌വിഷിന്റെ കഴുത്തിൽ ശരൺ മൗര്യ താലി ചാർത്തിയത്. ഇതിന് മുന്നോടിയായായിരുന്നു ഇസ്ലാം മതം ഉപേക്ഷിച്ചത്. ബറേലിയിലെ അഗസ്ത മുനി ആശ്രമത്തിലായിരുന്നു മതപരിവർത്തന ചടങ്ങ് നടന്നത്. ഇതിന് പിന്നാലെ മഹിമയെന്ന ഹിന്ദു നാമവും സ്വീകരിച്ചു. ശരൺ മൗര്യയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബാല്യകാലം മുതൽക്കേ ഹിന്ദു മതത്തിലും വിശ്വാസങ്ങളിലും ആകൃഷ്ടയായിരുന്നു മഹ്‌വിഷ്. ഗണപതി ഭഗവാന്റെ കടുത്ത ആരാധകയായിരുന്ന പെൺകുട്ടി ചെറുപ്പം മുതൽ തന്നെ സസ്യേതര ആഹാരം ഉപേക്ഷിച്ചിരുന്നു. ഹിന്ദു നിഷ്ടകൾ കൃത്യമായി പാലിക്കുന്ന കുടുംബമാണ് ശരണിന്റേത്. ഇതാണ് പെൺകുട്ടിയെ ആകർഷിച്ചത്. ശരണിന്റെ പക്കൽ നിന്നുമാണ് മഹ്‌വിഷ് ഹിന്ദു മതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയത്.
ശരണുമായുള്ള ബന്ധം വീട്ടിൽ അറിഞ്ഞതോടെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് രക്ഷിതാക്കൾ രംഗത്ത് എത്തി. വേറെ വിവാഹം നിശ്ചയിക്കാൻ വീട്ടുകാർ തീരുമാനിച്ചതോടെ മെഹ്‌വിഷ് വീട് വിട്ടിറങ്ങുകയായിരുന്നു.
പ്രായപൂർത്തിയായി കഴിഞ്ഞാൽ ഹിന്ദു മതം സ്വീകരിക്കണം എന്നത് നേരത്തെ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്ന കാര്യമായിരുന്നുവെന്ന് മെഹ്‌വിഷ് പറഞ്ഞു. മുത്വലാഖ് ഉൾപ്പെടെയുള്ള ഇസ്ലാമിലെ അനാചാരങ്ങൾ തന്നെ ഭയപ്പെടുത്തിയിരുന്നു. ഇതോടെയാണ് മതം മാറാൻ തീരുമാനിച്ചത്. ഇപ്പോൾ ഏറെ സന്തോഷവതിയാണെന്നും പെൺകുട്ടി പ്രതികരിച്ചു.












