ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ കാടിനുള്ളിൽ സ്വതന്ത്രരായി വിഹരിച്ച് ചീറ്റകൾ. ഒബാൻ, ആശ എന്നീ ചീറ്റകളെ മാത്രമാണ് നിലവിൽ കാട്ടിലേക്ക് തുറന്നുവിട്ടിട്ടുള്ളത്. ഇരതേടിയും സൈ്വര്യവിഹാരം നടത്തിയും ആഘോഷിക്കുകയാണ് ഇരുവരും.
പാർക്ക് അധികൃതരാണ് ചീറ്റകൾ കാടുമായി പൊരുത്തപ്പെട്ട വിവരം അറിയിച്ചത്. കാടിനുള്ളിലൂടെ നടക്കുന്ന ഒബാന്റെ ചിത്രങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇരുവരെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കുനോ നാഷണൽ പാർക്ക് ഡിഎഫ്ഒ പ്രകാശ് കുമാർ വർമ്മ പറഞ്ഞു.
ചില സമയങ്ങളിൽ ആശയും ഒബാനും ഒന്നിച്ചാണ് നടത്തം. എന്നാൽ ചില നേരങ്ങളിൽ രണ്ട് പേരും എതിർ ദിശകളിലേക്ക് ഓടുന്നതുകാണാം. ഒന്നിച്ച് ഇരിക്കുകയും കളിക്കുകയും ചെയ്യും. കാടിനു ചുറ്റും ഇരുവരും ഒന്നിച്ച് കറങ്ങിനടക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 11 നായിരുന്നു ഒബാനെയും ആശയെയും പ്രത്യേകം സജ്ജമാക്കിയിരുന്ന നിരീക്ഷണ കേന്ദ്രത്തിൽ നിന്നും തുറന്നുവിട്ടത്. ഇരുവരും നിലവിലെ അന്തരീക്ഷമായി പൊരുത്തപ്പെട്ടിരുന്നു. ദീർഘകാലമായി ഇരുവരും ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ പ്രകടമാക്കാതിരുന്നതോടെയായിരുന്നു തുറന്നുവിടാനുള്ള തീരുമാനം.
ആശയും ഒബാനും ഉൾപ്പെടെ 20 ചീറ്റകളാണ് ഇന്ത്യയിൽ ഉള്ളത്. ഇതിൽ നമീബിയയിൽ നിന്നും എട്ട് ചീറ്റകളെയായിരുന്നു എത്തിച്ചത്. ഇതിൽപ്പെട്ടവരായിരുന്നു ആശയും ഒബാനും. ആറ് മാസത്തോളമാണ് ഇവരെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നത്. ഇവർക്കൊപ്പമെത്തിച്ച മറ്റ് ആറ് ചീറ്റകളെയും ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ തുറന്നുവിടും. ഇക്കഴിഞ്ഞ സെപ്തംബറിലാണ് നമീബയിൽ നിന്നും ചീറ്റകളുടെ ആദ്യ സംഘത്തെ എത്തിച്ചത്.
ഇതിന് പിന്നാലെ കഴിഞ്ഞ മാസം 12 ചീറ്റകളെകൂടി എത്തിച്ചിരുന്നു. ഇവരെയും പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത ഇവർ ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിചേർന്നു.








