ന്യൂഡൽഹി/ മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം സുപ്രീംകോടതി കയറുന്നു. തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. തിരൂർ സ്വദേശിയായ പി.ടി ഷിജീഷ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ഷിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇത് ഹൈക്കോടതി തള്ളി. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഷീജിഷിന് വേണ്ടി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എംഎസ് വിഷ്ണു ശങ്കർ എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇതുമായി ബന്ധപ്പെട്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രത ഏറിയ ജില്ലയാണ് മലപ്പുറം. അതുകൊണ്ടുതന്നെ ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കണം.
ആദ്യം ലഭിച്ച വിവരം അനുസരിച്ച് തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ തീവണ്ടിയെത്തിയപ്പോൾ സ്‌റ്റോപ്പ് ഒഴിവാക്കി. രാഷ്ട്രീയ കാരണമാണ് ഇതിന് പിന്നിൽ എന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Discussion about this post