തൃശ്ശൂർ: പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ലോറി ഡ്രൈവർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ആലപ്പുഴ സ്വദേശി സുരേഷ് കുമാറിനെതിരെയാണ് കേസ് എടുത്തത്. സുരേഷിന്റെ പരാതിയിൽ കുട്ടിയുടെ പിതാവിനെതിരെയും കേസ് എടുത്തേക്കും.
കുട്ടിയുടെയും പിതാവിന്റെയും പരാതിയിൽ ഒല്ലൂർ പോലീസാണ് കേസ് എടുത്തത്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യും. കഴിഞ്ഞ വർഷം ഡിസംബർ നാലിന് ആയിരുന്നു സുരേഷ് കുമാർ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയും കുട്ടിയുടെ അച്ഛനും സൈക്ലിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അൽപ്പം പെട്രോൾ വാങ്ങാൻ ആവശ്യപ്പെട്ട് കുട്ടിയെ പമ്പിലേക്ക് വിട്ടു. ഇതിന് മുൻപിലായിരുന്നു സുരേഷ് കുമാർ ലോറി പാർക്ക് ചെയ്തിരുന്നത്. ഇവിടെയെത്തിയ കുട്ടിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ സമീപത്ത് ലോറി നിർത്തിയിട്ടവരും പമ്പിലെ ജീവനക്കാരും ഓടിയെത്തി. ഇത് കണ്ടതോടെ സുരേഷ് കുമാർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ പിതാവ് ഇയാളെ പിന്തുടർന്ന് എത്തി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ശമ്പളത്തിന്റെ പേരിൽ തൊഴിൽ ഉടമ ഡ്രൈവറെ മർദ്ദിക്കുന്നു എന്ന തരത്തിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതിന്റെ സത്യാവസ്ത വ്യക്തമാകുകയായിരുന്നു. ഇതേ തുടർന്നാണ് കേസ് എടുത്തത്. ഡ്രൈവറുടെ പരാതിയിൽ ചേർപ്പ് പോലീസാണ് പിതാവിനെതിരെ നടപടിയ്‌ക്കൊരുങ്ങുന്നത്.
Discussion about this post