ന്യൂഡൽഹി : പ്രതിപക്ഷം ഒരുമിച്ച് നിന്നെതിർത്താലും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ ഒരുമിച്ച് വന്ന് ഭക്ഷണം കഴിക്കുകയും ചായ കുടിക്കുകയും ചെയ്തെന്ന് വെച്ച് ഐക്യം ഉണ്ടാകില്ല. ബിജെപിയെ തോൽപ്പിക്കാൻ നിലവിൽ പ്രതിപക്ഷത്തിന് കഴിയില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ആദർശപരമായി അടിസ്ഥാനമില്ലാത്ത ഐക്യമാണ് പ്രതിപക്ഷത്തിന്റേത്. പാർട്ടി നേതാക്കൾ ഒരുമിച്ച് വന്നാൽ അത് ഐക്യമാകില്ല. ബിജെപിയോട് എതിർക്കണമെങ്കിൽ അതിന്റെ ശക്തി മനസ്സിലാക്കണം. മൂന്ന് ഘടകങ്ങളാണ് ബിജെപിയുടെ ശക്തി. ഹിന്ദുത്വം, ദേശീയത, ജനക്ഷേമം എന്നിവയാണത്. ഈ മൂന്ന് ഘടകങ്ങളിൽ രണ്ടെണ്ണത്തെയെങ്കിലും മറികടന്നാൽ മാത്രമേ വിജയം സാധിക്കുകയുള്ളൂ. നിലവിൽ പ്രതിപക്ഷത്തിന് അതിനുള്ള ശക്തിയില്ല. ആദർശപരമായ ഐക്യമില്ലെങ്കിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ല. പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനായിരുന്നു താൻ ശ്രമിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ ജയിക്കാനാണ് നേതാക്കൾ ലക്ഷ്യമിട്ടത്. തന്റെ ആശയങ്ങൾ നടപ്പാക്കുന്നതിലെ അഭിപ്രായ വ്യത്യാസം മൂലമാണ് കോൺഗ്രസുമായി തെറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ ഭാരത് ജോഡോ യാത്രകൊണ്ട് എന്തെങ്കിലും വ്യത്യാസം ഉണ്ടായതായി തോന്നുന്നുണ്ടോ ? വെറുതെ നടന്നിട്ട് കാര്യമില്ല. അതിന്റെ വ്യത്യാസം ഗ്രൗണ്ട് ലെവലിൽ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബീഹാറിൽ ജനസുരാജ് യാത്ര നടത്തുകയാണ് പ്രശാന്ത് കിഷോർ. ഇതുവരെ നാല് ജില്ലകളിൽ യാത്ര ചെയ്യാൻ സാധിച്ചു. തിരഞ്ഞെടുപ്പിൽ ജയിക്കുക എന്ന ലക്ഷ്യത്തോടെ അല്ല യാത്ര നടത്തുന്നത്. പ്രദേശത്തെ കുറിച്ച് മനസ്സിലാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post