ന്യൂഡൽഹി: ഡൽഹിയിലെ ബംഗാളി മാർക്കറ്റിലും ഓൾഡ് ഡൽഹിയിലെ മാതിയ മഹൽ മാർക്കറ്റിലും രാത്രി സഞ്ചാരത്തിന് ഇറങ്ങി രാഹുൽ. തെരുവ് കച്ചവടക്കാരുടെ അടുത്ത് ചെന്ന് കുശലാന്വേഷണം നടത്തിയ രാഹുൽ ഗോൾഗപ്പയും തണ്ണിമത്തനും ഒക്കെ കഴിച്ചാണ് മടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രാഹുൽ. ഇവിടെ നിന്ന് ഡൽഹിയിലെത്തിയതിന് പിന്നാലെയാണ് ഓൾഡ് ഡൽഹിയിൽ രാഹുൽ രാത്രികറക്കത്തിന് ഇറങ്ങിയത്. റംസാൻ മാസത്തിന്റെ തിരക്കിലായിരുന്ന ചാന്ദ്നി ചൗക്കിൽ ഉൾപ്പെടെ രാഹുൽ സന്ദർശനം നടത്തി.
ബംഗാളി മാർക്കറ്റിലെത്തിയ രാഹുൽ സ്ട്രീറ്റ് ഫുഡ് വിൽപനക്കാരുടെ അടുത്തേക്ക് എത്തി വിഭവങ്ങൾ രുചിക്കുകയായിരുന്നു. അവരോട് വിശേഷങ്ങളും തിരക്കി. എസ്പിജി സുരക്ഷയിലായിരുന്നു രാഹുലിന്റെ സന്ദർശനം. രാഹുലിനെ കാണാനും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനും കച്ചവടക്കാരും കടകളിൽ എത്തിയവരും തിക്കി തിരക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെട്ടു.
നോമ്പുതുറയ്ക്കും മറ്റും എത്തിയ നിരവധി പേർ ഇവിടെയുണ്ടായിരുന്നു. രാഹുലിന്റെ സന്ദർശന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Discussion about this post