തിരുവനന്തപുരം: സ്വന്തമായി വീട് പോലുമില്ലെന്ന രാഹുൽ ഗാന്ധിയുടെ ദാരിദ്ര്യം പറച്ചിലിനെ പൊളിച്ചടുക്കി ബിജെപി നേതാവും കൗൺസിലറുമായ രാജീവ് കേരളശ്ശേരി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ രാഹുൽ സമർപ്പിച്ച ആസ്തിവിവരക്കണക്കാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. കോടികളുടെ സ്വത്തുക്കളുള്ള രാഹുൽ ഗാന്ധി വയനാട്ടിൽ ഒരു ഉഗ്രൻ വീട് വാങ്ങണമെന്നും അദ്ദേഹം പരിഹസിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നതിന് വേണ്ടി സമർപ്പിച്ച സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിക്ഷേപങ്ങൾ ഉൾപ്പെടെ ആകെ 5 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് 2019 വരെ രാഹുലിനുള്ളത്. യഥാർത്ഥ കണക്കെടുത്താൽ ഇതിലും ഇരട്ടി പണമുണ്ടാകുമെന്ന് രാജീവ് കേരളശ്ശേരി പറയുന്നു. എന്നിട്ടാണ് സ്വന്തം വീടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള രാഹുലിന്റെ കരച്ചിൽ എന്നും അദ്ദേഹം വിമർശിക്കുന്നു.

വീടില്ലെന്ന് അത്രയ്ക്ക് ദു:ഖമുണ്ടെങ്കിൽ അഞ്ചേമുക്കാൽ കോടിയിൽ മുക്കാൽ കോടിയെടുത്ത് വയനാട്ടിൽ രാഹുൽ ഒരു ഉഗ്രൻ വീട് വാങ്ങണം. അടുത്ത തിരഞ്ഞെടുപ്പിലും അവിടെ തന്നെ കാണേണ്ടതല്ലേയെന്നും രാജീവ് കേരളശ്ശേരി പരിഹസിച്ചു.
റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുൽ തനിക്ക് സ്വന്തമായി വീടില്ലെന്ന് പറഞ്ഞത്. 52 വയസ്സായി. ഇതുവരെ സ്വന്തമായൊരു വീട് പണിയാൻ കഴിഞ്ഞിട്ടില്ല. തുഗ്ലക് ലേനിലാണ് തങ്ങൾ ഇപ്പോൾ താമസിക്കുന്നത്. അത് തങ്ങളുടെ വീട് അല്ലെന്നും രാഹുൽ പ്രതികരിച്ചിരുന്നു.













