ഷിരൂര്‍: മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ മടങ്ങിയിരുന്നു.
തന്നോട് ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും മോശമായി പെരുമാറിയെന്നും അതിനാലാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നതെന്നും വേദനയോടെയാണ് മടങ്ങുന്നതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞിരുന്നു.
അതേസമയം, ഈശ്വര്‍ മാല്‍പെയ്ക്കെതിരേ കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലും രംഗത്തെത്തി. മാല്‍പെ എല്ലായ്പ്പോഴും ഭരണകൂടത്തെ കുറ്റം പറയുകയാണെന്നും ഫെയ്സ്ബുക്കിലും യൂട്യൂബിലും ആരാധകരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എം.എല്‍.എ. ആരോപിച്ചു.
”അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. പക്ഷേ, ആരും പിന്തുണക്കുന്നില്ലെന്ന് പറഞ്ഞ് എല്ലായ്പ്പോഴും അദ്ദേഹം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നു. എം.എല്‍.എ.യായ ഞാന്‍ എല്ലാദിവസവും ഇവിടെയുണ്ട്. അദ്ദേഹം മുന്‍കരുതലെടുക്കാതെയാണ് പുഴയിലേക്ക് ഡൈവ് ചെയ്യുന്നത്. അദ്ദേഹത്തിന് യൂട്യൂബ്, ഫെയ്സ്ബുക്ക് ആരാധകരെ സൃഷ്ടിക്കാനുള്ള ശ്രമമാണ്”, എം.എല്‍.എ. പറഞ്ഞു.
അതിനിടെ, കാര്‍വാര്‍ എസ്.പി. ഭീഷണിപ്പെടുത്തിയിരുന്നതായി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമയായ മനാഫും ആരോപിച്ചു.
ഈശ്വര്‍ മാല്‍പെ മടങ്ങിയെങ്കിലും അര്‍ജുനായി ഗംഗാവലി പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ കര്‍ണ്ണാടക ഭരണകൂടം തുടരുകയാണ്. ഡ്രഡ്ജര്‍ കമ്പനി ഞായറാഴ്ച ഗുജറാത്തില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഇതില്‍ ഒരു ലോറിയുടെ എന്‍ജിന്‍ അടക്കമുള്ള ഭാഗങ്ങള്‍ കണ്ടെടുക്കുകയുംചെയ്തു. നേവി മാര്‍ക്ക് ചെയ്ത സ്ഥലത്താണ് ഇവരുടെ പരിശോധന തുടരുന്നത്.
Discussion about this post