മുംബൈ: ഓഹരി വിപണിയിലെ ലാഭ നഷ്ടങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ലുന്‍സര്‍മാര്‍ക്ക് താക്കീത് നല്‍കി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI). കഴിഞ്ഞ മൂന്ന് മാസത്തിനിടെ വീഡിയോ ഉള്‍പ്പടെ ഇത്തരത്തില്‍ പ്രചരിച്ച 15,000ലധികം കണ്ടന്റുകള്‍ സെബി നീക്കം ചെയ്തു.
ഓഹരി വിപണിയിലേക്കെത്തുന്ന, വലിയ ധാരണയില്ലാത്ത നിക്ഷേപകരെ ഇങ്ങനെയുള്ള അര്‍ധസത്യങ്ങളായ വിവരങ്ങള്‍ സ്വാധീനിച്ചേക്കാം. ഇതുമൂലം നിക്ഷേപകര്‍ക്ക് കനത്ത നഷ്ടവും ഉണ്ടായേക്കാം. ഇതില്‍ നിന്നെല്ലാം നിക്ഷേപകരെ സംരക്ഷിക്കുക എന്നുള്ളതാണ് സെബിയുടെ ലക്ഷ്യം.
സെബിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി സാങ്കേതിക പ്ലാറ്റ്ഫോമുകളില്‍ നിന്ന് എല്ലാം തന്നെ ഇത്തരത്തിലുള്ള കണ്ടന്റുകള്‍ പിന്‍വലിച്ചിട്ടുണ്ട്. വിപണിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഓഹരി വിപണിയെ കുറിച്ച് വിവരങ്ങള്‍ പങ്കുവെക്കുന്ന ഇന്‍ഫ്‌ലുന്‍സര്‍മാര്‍ക്ക് ഇനി ഇത്തരത്തിലുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയില്ല.
നിരവധി പേര്‍ക്ക് ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കുന്നത് വഴി നഷ്ടം നേരിട്ടിരുന്നു. നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് ലഭിച്ചത്. ജൂലൈയിലാണ് സെബി ഈ വിഷയത്തില്‍ തീരുമാനം എടുത്തത്.
Discussion about this post