ഇസ്ലാമാബാദ്; ടെന്നീസ് താരം സാനിയ മിർസയെക്കുറിച്ച് ഭർത്താവും പാക് മുൻ ക്രിക്കറ്റ് താരവുമായ ഷൊയിബ് മാലിക്കിന്റെ ട്വീറ്റ് വൈറലായി. കരിയറിലെ അവസാന ഗ്രാൻഡ് സ്ലാമായ ഓസ്‌ട്രേലിയൻ ഓപ്പണിൽ മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ പരാജയപ്പെട്ടതിന് പിന്നാലെ ആയിരുന്നു ഷോയിബിന്റെ ട്വീറ്റ്. ഇരുവരും തമ്മിലുളള ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉളളതായ റിപ്പോർട്ടുകൾക്കിടയിലാണ് സംഭവം.
കായികരംഗത്തെ എല്ലാ വനിതകളുടെയും പ്രതീക്ഷയാണ് സാനിയ എന്ന് ഷോയിബ് പറയുന്നു. സാനിയ കരിയറിൽ കുറിച്ച എല്ലാ നേട്ടങ്ങളിലും അഭിമാനിക്കുന്നു. നിരവധി പേർക്ക് പ്രചോദനമാണ് നിങ്ങൾ, യാത്ര തുടരുക. അവിശ്വസനീയമായ കരിയറിന് അഭിനന്ദനങ്ങൾ… എന്നായിരുന്നു ഷോയിബിന്റെ ട്വീറ്റ്. ഓസ്‌ട്രേലിയൻ ഓപ്പണിലെ സാനിയയുടെ ചിത്രവും പങ്കുവെച്ചിരുന്നു.
ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ മിക്‌സഡ് ഡബിൾസിൽ ഇറങ്ങിയത്. 36 വയസുളള സാനിയ ഇത് തന്റെ അവസാന ഗ്രാൻഡ് സ്ലാം ആയിരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനലിൽ ഇരുവർക്കും ഇത് ആവർത്തിക്കാനായില്ല. മത്സരശേഷം ഫെയർവെൽ പ്രസംഗത്തിൽ സാനിയ വിതുമ്പിയതും മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.
താൻ കരഞ്ഞാൽ അത് ആനന്ദക്കണ്ണീരാകുമെന്നും 2005 ൽ മെൽബണിൽ സെറീനയ്‌ക്കെതിരായ പോരാട്ടത്തിലൂടെയാണ് തന്റെ കരിയർ യഥാർത്ഥത്തിൽ തുടങ്ങിയതെന്നും സാനിയ പറഞ്ഞു. അന്ന് തനിക്ക് 18 വയസായിരുന്നു. അതുകൊണ്ടു തന്നെയാണ് ഗ്രാൻഡ് സ്ലാം കരിയറിന് അവസാനം കുറിക്കൻ മെൽബൺ തന്നെ തിരഞ്ഞെടുത്തതെന്നും സാനിയ പറഞ്ഞിരുന്നു.
സെമി ഫൈനൽ വിജയത്തിന് ശേഷം സാനിയ -ഷൊയിബ് ദമ്പതികളുടെ മകൻ ഇഷാൻ മിർസ മാലിക് കോർട്ടിലേക്ക് ഓടിയിറങ്ങിയതും അമ്മയെ ആശ്ലേഷിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും ആരാധകർ ഏറ്റെടുത്തിരുന്നു.
സാനിയ മിർസയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഷോയിബ് മാലിക്കുമായുളള അസ്വാരസ്യങ്ങളെക്കുറിച്ച് ആരാധകർക്കും മാദ്ധ്യമങ്ങൾക്കും സൂചന നൽകിയത്. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പുറത്തുവന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇരുവരുടെയും സുഹൃത്തുക്കൾ വേർപിരിയൽ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Discussion about this post