ഗോരഖ്പൂർ: നരേന്ദ്രമോദി ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം ശക്തിപ്പെടുത്തുകയാണ്. എന്നാൽ ചിലർ വിദേശമണ്ണിൽ വെച്ച് ഇന്ത്യയെ വിമർശിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് യോഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
ആഗോളതലത്തിൽ വിവിധ പ്ലാറ്റ്‌ഫോമുകളിൽ രാജ്യത്തിന്റെ സ്വാധീനം ശക്തമാക്കാനാണ് മോദി ശ്രമിക്കുന്നത്. അതുവഴി രാജ്യത്തിന് കൂടുതൽ പ്രശസ്തി നൽകാനും അദ്ദേഹം ശ്രമിക്കുന്നു. എന്നാൽ ചിലർ വിദേശമണ്ണിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിലൂടെ അവർ രാജ്യത്തെ ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ വിദേശത്ത് വെച്ച് ഇന്ത്യയെ വിമർശിച്ച രാഹുലിന്റെ പേരെടുത്ത് പറയാതെയായിരുന്നു യോഗിയുടെ വാക്കുകൾ.
ഒരു അവസരം ലഭിച്ചാൽ രാജ്യത്തെ ജനാധിപത്യത്തെ കഴുത്തുഞെരിച്ച് കൊല്ലാൻ കാത്തിരിക്കുന്നവരാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും യോഗി കുറ്റപ്പെടുത്തി. വിദേശത്ത് ആയിരിക്കുമ്പോൾ ഇവർ രാജ്യത്തെ കുറ്റപ്പെടുത്തും. എന്നാൽ രാജ്യത്തുളളപ്പോൾ യുപിയെയും കുറ്റപ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
വരും നാളുകളിൽ ലോകത്തിന് മാർഗം തെളിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ജി 20 നേതൃത്വം ലഭിച്ചത് ഇന്ത്യയുടെ ശേഷി അന്താരാഷ്ട്രതലത്തിൽ പ്രകടമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാൻ വിഷയത്തിലും യുക്രെയ്ൻ യുദ്ധത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകൾക്കായി എല്ലാവരും കാത്തിരിക്കുകയായിരുന്നു.
ഇറ്റലിയുടെയും ഓസ്‌ട്രേലിയയുടെയും പ്രധാനമന്ത്രിമാർ ഇന്ത്യ സന്ദർശിച്ചുകഴിഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി അടുത്ത് ഇന്ത്യയിലെത്തും. ഇതെല്ലാം പുതിയ ഇന്ത്യയുടെ ചിത്രമാണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒൻപത് വർഷങ്ങൾക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.









