സുനിത വില്യംസും ബുച്ച് വില്‍മോറും അടുത്തവര്‍ഷം വരെ ഇനി ബഹിരാകാശത്ത് തങ്ങണം. മാസങ്ങളോളം ബഹിരാകാശത്ത് താമസിക്കുമ്പോള്‍ അവിടെയുള്ള കാലാവസ്ഥ ഇരുവരുടേയും ശരീരത്തെ ബാധിക്കുമെന്നതില്‍ സംശയമില്ല. എന്താണ് ബഹിരാകാശ സഞ്ചാരികളിലുണ്ടാകുന്ന മാറ്റങ്ങള്‍. ദീര്‍ഘകാലം ബഹിരാകാശത്ത് കഴിയുകയാണെങ്കില്‍ പ്രകടമായ മാറ്റങ്ങള്‍ തന്നെ ശരീരത്തിലുണ്ടാകും.
ഇപ്പോഴിതാ ഇതേക്കുറിച്ച് സുനിതാ വില്യംസ് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ് ബഹിരാകാശത്ത് കഴിയുമ്പോള്‍ മുടിയും നഖവും വേഗത്തില്‍ വളരാന്‍ തുടങ്ങുമെന്നും ശരീരത്തിന്റെ ഉയരം വര്‍ധിക്കുമെന്നുന്നാണ് സുനിത അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന്റെ കാരണങ്ങളും അവര്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ബഹിരാകാശത്ത് നമുക്ക് നേരിടുന്ന ഈ മാറ്റങ്ങളെല്ലാം താല്‍ക്കാലികമാണെന്നാണ് സുനിത പറയുന്നത്. എങ്കിലും ചിലര്‍ക്കെങ്കിലും ഈ മാറ്റങ്ങള്‍ അസ്വസ്ഥകരമായി തോന്നുമെന്നും അവര്‍ പറയുന്നു.
കാലിലെ തഴമ്പ് ഇല്ലാതാകും കാരണം നമ്മള്‍ നടക്കാറില്ല. ബഹിരാകാശത്ത് എത്തിയപ്പോഴെല്ലാം നഖവും മുടിയും പതിവിലും വേഗത്തില്‍ വളരാന്‍ തുടങ്ങിയത് ശ്രദ്ധിച്ചിരുന്നുവെന്നും സുനിത പറയുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തില്‍ മുഖത്തെ ചുളിവുകള്‍ താല്‍ക്കാലികമായി ഇല്ലാതാകുകയും മുഖം മിനുസമുള്ളതായി മാറുകയും ചെയ്യും. കശേരുക്കള്‍ക്കിടയിലുള്ള തരുണാസ്ഥികളില്‍ സമ്മര്‍ദം അനുഭവപ്പെടാത്തതിനാല്‍ നട്ടെല്ല് വികസിക്കാന്‍ തുടങ്ങും. ഇതുയരം വര്‍ധിപ്പിക്കാം.
ബഹിരാകാശത്ത് വെച്ച് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും ഭൂമിയിലേക്ക് മടങ്ങിയെത്തിയാല്‍ ശരീരത്തില്‍ ഗുരുത്വാകര്‍ഷണം സ്വാധീനം ചെലുത്താന്‍ ആരംഭിക്കും. അതോടെ ഈ മാറ്റങ്ങള്‍ വിപരീതമാകും. ശരീരം സാധാരണ ഉയരത്തിലേക്ക് മാറും ഇത് നട്ടെല്ലിന് വേദനയുണ്ടാക്കിയേക്കാം. ഭൂമിയില്‍ തിരിച്ചെത്തിയാലും കാര്യങ്ങള്‍ ‘നോര്‍മലാകാന്‍’ സമയമെടുക്കുമെന്നും സുനിത പറയുന്നുണ്ട്.
ദൗത്യം നീളുമ്പോള്‍ യാത്രികര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം ഉണ്ടാകും. ഇതിനെ പ്രതിരോധിക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യാറുണ്ടെന്നാണ് സുനിത പറഞ്ഞത്. അണുവികിരണം, പരിമിതമായ ജീവിത സാഹചര്യങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയും വെല്ലുവിളികളാണ്.
Discussion about this post