ചെന്നൈ: ബിഹാറിൽ നിന്നുൾപ്പെടെയുളള കുടിയേറ്റ തൊഴിലാളികളിൽ പരിഭ്രാന്തി പരത്തുന്നുവെന്ന് ആരോപിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്. സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാർത്തകൾക്ക് പിന്നിൽ സംസ്ഥാന സർക്കാരാണെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ്.
കലാപത്തിന് പ്രേരിപ്പിച്ചുവെന്നും രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തിയെന്നും ഉൾപ്പെടെയുളള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തമിഴ്‌നാട് പോലീസിന്റെ സൈബർ ക്രൈം ഡിവിഷൻ ആണ് കേസെടുത്തത്. അതേസമയം ജനാധിപത്യത്തിന്റെ ശബ്ദത്തെ വ്യാജ കേസുകൾ കൊണ്ട് നേരിടാമെന്ന് കരുതരുതെന്ന് അണ്ണാമലൈ പ്രതികരിച്ചു. ഒരു സാധാരണക്കാരനെന്ന നിലയിൽ 24 മണിക്കൂർ നൽകുകയാണെന്നും സാധിക്കുമെങ്കിൽ തന്റെ കൈയ്യിൽ വിലങ്ങ് വെയ്ക്കാനും അണ്ണാമലൈ സർക്കാരിനെ വെല്ലുവിളിച്ചു.
ഉത്തരേന്ത്യൻ സം്സ്ഥാനങ്ങളിലെ ആളുകൾക്കെതിരെ ഡിഎംകെയുടെ വിദ്വേഷ ക്യാമ്പെയ്‌നെക്കുറിച്ചുളള വിവരങ്ങളാണ് താൻ പങ്കുവെച്ചത്. അതിന്റെ പേരിലാണ് തനിക്കെതിരെ കേസ് രജിസ്്റ്റർ ചെയ്തതെന്നും അണ്ണാമലൈ ആരോപിച്ചു. ഡിഎംകെ നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ വീഡിയോയും അണ്ണാമലൈ പുറത്തുവിട്ടു.
കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ സുരക്ഷിതരാണെന്നും എന്നാൽ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുളള ഡിഎംകെയും സഖ്യകക്ഷികളുമാണ് അവരോടുളള വിദ്വേഷത്തിന് കാരണമെന്നുമായിരുന്നു അണ്ണാമലൈയുടെ വാക്കുകൾ. ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ അക്രമം ഉണ്ടാകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിക്കുകയാണെന്നും ലോകം ഒന്നാണെന്ന വിശ്വാസമാണ് തമിഴ് ജനതയ്ക്കുളളതെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
Discussion about this post