മുംബൈ: മഹാരാഷ്ട്രയിൽ തീവണ്ടിയ്ക്ക് നേരെ കല്ലേറ്. മുംബൈയിൽ നിന്നും അമൃത്‌സറിലേക്കുള്ള ഗോൾഡൻ ടെമ്പിൾ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മുംബൈയിൽ നിന്നും പുറപ്പെട്ട 12903 എന്ന നമ്പറിലുള്ള തീവണ്ടിയ്ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. നിരവധി കല്ലുകൾ തീവണ്ടിയ്ക്ക് മേൽ പതിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
രാത്രി 11.23 ഓടെ തീവണ്ടി അമൃത്‌സർ സ്റ്റേഷനിലെത്തി. ഉടൻ തന്നെ റെയിൽവേ പോലീസിന്റെ സംഘം എത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരാണ് തീവണ്ടിയിൽ കൂടുതലായി യാത്രചെയ്യാറുള്ളത്. ഇവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് പോലീസ് സംശയിക്കുന്നത്.








