കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ശോഭായാത്രയ്ക്ക് നേരെ വീണ്ടും മതമൗലികവാദികളുടെ കല്ലേറും അക്രമവും. ഹൂഗളളിയിലാണ് ഇത്തവണ അക്രമം ഉണ്ടായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഹൗറയിൽ ശോഭായാത്രയ്ക്ക് നേരെ അക്രമം ഉണ്ടായിരുന്നു ഇതിന് പിന്നാലെയാണ് സമാനമായ അക്രമം വീണ്ടും ആവർത്തിക്കപ്പെട്ടത്.
ശോഭായാത്രയിൽ പങ്കെടുത്ത സ്ത്രീകൾക്കും കുട്ടികൾക്കും നേരെയാണ് കല്ലേറ് ഉണ്ടായതെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും ബംഗാളിലെ ബിജെപി നേതാവുമായ ദിലീപ് ഘോഷ് പറഞ്ഞു. ഹൗറയിൽ അക്രമം നടന്നിട്ടും സംസ്ഥാന സർക്കാർ മതമൗലികവാദികൾക്ക് നേരെ യാതൊരു നടപടിയും കൈക്കൊളളാതിരുന്നതുകൊണ്ടാണ് കല്ലേറും അക്രമവും ആവർത്തിക്കപ്പെട്ടതെന്നും ദിലീപ് ഘോഷ് പറഞ്ഞു.
അക്രമികൾ വാഹനങ്ങൾ തകർത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രിയുടെ മറവിൽ കല്ലേറ് ഉണ്ടായതോടെ ശോഭായാത്രയിൽ പങ്കെടുത്തവർ ഭയന്ന് ഓടുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.
വ്യാഴാഴ്ച ഹൗറയിലെ ഷിബ്പൂരിൽ രാമനവമി ശോഭായാത്രയ്ക്ക് നേരെ അക്രമം ഉണ്ടായിരുന്നു. നേരത്തെയും ബംഗാളിൽ ഹിന്ദുമത വിശ്വാസികളുടെ ഉത്സവങ്ങളുടെ ഭാഗമായി നടന്ന ശോഭായാത്രകൾക്ക് നേരെ അക്രമങ്ങൾ ഒട്ടേറെ തവണ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇത്തരം ശോഭായാത്രകൾക്ക് സംരക്ഷണമൊരുക്കാനോ ശോഭായാത്ര നടക്കുന്ന മേഖലകളിലെ ക്രമസമാധാനം ഉറപ്പിക്കാനോ പോലീസ് ഒരു നടപടികളും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം അക്രമം ഉണ്ടായ ഹൗറയിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ ശോഭായാത്രയ്ക്ക്് നേരെ മതമൗലികവാദികൾ സംഘടിച്ച് കല്ലെറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ അക്രമം നടന്ന മേഖല സന്ദർശിക്കാനെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാറിനെ പോലീസ് ഇവിടേക്ക് കടത്തിവിട്ടിരുന്നില്ല. പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണെന്ന കാരണം പറഞ്ഞ് പോലീസ് അദ്ദേഹത്തെ വഴിയിൽ തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൂഗളളിയിലും അക്രമം നടന്നത്.
Discussion about this post