കലവൂര്‍: കൊച്ചി സ്വദേശിനിയായ സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം കര്‍ണാടകയിലെ ഉഡുപ്പിയിലേക്കു കടക്കുകയും പിന്നീടു നാട്ടിലേക്കു തിരിച്ചുവരികയും ചെയ്ത പ്രതികള്‍ തുടര്‍ന്ന് കൊച്ചിയില്‍ തന്നെ ഒളിവില്‍ കഴിഞ്ഞെന്ന വാര്‍ത്തയാണ് പൊലീസിനിപ്പോള്‍ അമ്പരപ്പായിരിക്കുന്നത്.
കടവന്ത്ര പൊലീസ് ഈ കേസില്‍ അന്വേഷണം ആരംഭിക്കുന്നത് സുഭദ്രയെ കാണാതായെന്ന പരാതിയിലാണ്. കഴിഞ്ഞ മാസം 7 നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ശര്‍മിളയ്‌ക്കൊപ്പം ഇവര്‍ റെയില്‍വേ സ്റ്റേഷനു മുന്നിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചത് 15 ന്. തുടര്‍ന്ന് ശര്‍മിളയും ഭര്‍ത്താവും താമസിക്കുന്ന കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടില്‍ പൊലീസ് എത്തി. അപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
പൊലീസ് തങ്ങളെ അന്വേഷിക്കുന്ന വിവരമറിഞ്ഞ് ഇവര്‍ ഉഡുപ്പിയിലേക്കു കടന്നെന്നാണു വിവരം. എന്നാല്‍ 24 ന് നാട്ടില്‍ തിരിച്ചെത്താന്‍ ധൈര്യം കാട്ടുകയും ചെയ്തു. പൊലീസ് ഉഡുപ്പിയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തുമ്പോഴായിരുന്നു ഇത്. ഇവരെ കാട്ടൂരിലെ ബസ് സ്റ്റോപ്പില്‍ കണ്ടതായി പൊലീസിനു വിവരം കിട്ടി. അന്വേഷിച്ചെത്തിയപ്പോഴേക്കും വീണ്ടും കടന്നിരുന്നു. ഇത്തവണ പോയതു കൊച്ചിയിലേക്ക്.
സെപ്റ്റംബര്‍ 6 ന് മണ്ണഞ്ചേരി പൊലീസ് സുഭദ്രയുടെ തിരോധാനം സംബന്ധിച്ച കേസ് റീ റജിസ്റ്റര്‍ ചെയ്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു.ചൊവ്വാഴ്ച സുഭദ്രയുടെ മൃതദേഹം കണ്ടെത്തി. പ്രതികളെന്നു സംശയിക്കുന്ന ദമ്പതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. അതോടെയാണു കൊച്ചിയിലെ ഒളിത്താവളത്തില്‍ നിന്ന് ഇവര്‍ പുറത്തു ചാടിയത്.
ഇതിന് പിന്നാലെ ബുധനാഴ്ച ട്രെയിനില്‍ യാത്ര തുടങ്ങി. എന്നാല്‍ യാത്ര മണിപ്പാലിനു സമീപം വെച്ച് പൊലീസിന്റെ കയ്യില്‍ അവസാനിച്ചു. പിടിയിലായ ശര്‍മിള പ്രായം ഉള്‍പ്പെടെ പല കാര്യങ്ങളിലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. ഇവര്‍ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നെന്ന വിവരവും മറച്ചുവച്ചു. ആരും തിരിച്ചറിയാതിരിക്കാന്‍ കണ്ണട വച്ചായിരുന്നു കൊലപാതകത്തിനു ശേഷമുള്ള യാത്ര.
കോര്‍ത്തുശേരിയിലെ വീട്ടുവളപ്പില്‍ നിന്നു സുഭദ്രയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നതിനു മുന്‍പേ പ്രതികളെത്തേടി പൊലീസ് ഉഡുപ്പിയില്‍ എത്തിയിരുന്നു. പ്രതി ശര്‍മിളയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉഡുപ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നു യുപിഐ ഇടപാടു വഴി പണം എത്തിയതിന്റെ വിവരം ലഭിച്ചതാണ് ഉഡുപ്പിയില്‍ അന്വേഷണത്തിനു പോകാന്‍ കാരണം.
ഉഡുപ്പിയിലെത്തിയ പൊലീസ് സംഘത്തിനു പ്രതികളെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ കൊച്ചിയില്‍ ശര്‍മിള മുന്‍പു താമസിച്ചിരുന്ന സ്ഥലത്തെ ചില പരിചയക്കാരുമായി ബന്ധപ്പെട്ടു കര്‍ണാടകയിലെ ഇവരുടെ സുഹൃത്തുക്കളുടെ വിവരം തേടിയിരുന്നു. അപ്പോഴാണു ദമ്പതികള്‍ മണിപ്പാലിലേക്കു ട്രെയിനില്‍ പോയെന്നു വിവരം ലഭിച്ചത് ;ഈ വിവരം ഉഡുപ്പിയിലുണ്ടായിരുന്ന പൊലീസ് സംഘത്തെ അറിയിച്ചു. സ്റ്റേഷനിലെത്തി പിടികൂടുകയും ചെയ്തു.
പ്രതികളെ കിട്ടിയെങ്കിലും വിശദമായ ചോദ്യം ചെയ്യല്‍ ഇന്നേ തുടങ്ങൂ. മാത്യൂസിനെയും ശര്‍മിളയെയും ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലുള്ള മാത്യൂസിന്റെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തും. സുഭദ്ര.ുടെ സ്വര്‍ണാഭരണങ്ങള്‍ക്കു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post