എറണാകുളം: പ്രസംഗത്തിന്റേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതികരണവുമായി നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. അവിശ്വാസികളോടോ, നിരീശ്വരവാദികളോടോ അനാദരവ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അടുത്തിടെ താൻ നടത്തിയ പ്രസംഗമെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത് എഡിറ്റ് ചെയ്ത വീഡിയോ ആണ്. ഇത് അറിഞ്ഞയുടൻ തന്നെ ഇക്കാര്യത്തിൽ പ്രതികരിക്കണമെന്ന് തോന്നി. ഇതേ തുടർന്നാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവയ്ക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു.
അവിശ്വാസികളുടേയും, നിരീശ്വവാദികളുടെയും ചിന്തകളോടോ, മൂല്യങ്ങളോടോ അനാദരവില്ല. ഇനി ഒരിക്കലും അനാദരവ് കാണിക്കുകയുമില്ല. താൻ ഒരിക്കലും ഇവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് തന്റെ ആശയത്തെ വളച്ചൊടിക്കാൻ വേണ്ടിയുള്ള വിഷലിപ്തമായ ശ്രമമാണ്. ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള മതത്തിന്റെ ആചാരങ്ങൾ നടത്തുന്നതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയായിരുന്നു തന്റെ പരാമർശങ്ങൾ. രാഷ്ട്രീയ മുതലെടുപ്പിനോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ലക്ഷ്യമിട്ടോ വിശ്വാസങ്ങളെ ഹനിക്കാൻ ശ്രമിക്കുന്നവരുടെ നാശത്തിനായി പ്രാർത്ഥിക്കും.
ഇതാണ് പറഞ്ഞത്. ശബരിമലയിൽ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ആചാര ലംഘനം നടത്തിയവരെയാണ് ഇവിടെ ഉദ്ദേശിച്ചത്. രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഇത്തരം ചെയ്തികളെ ശക്തമായി എതിർക്കുന്നു. തന്റെ പരാമർശങ്ങളെ രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിക്കാൻ താൻ ആരെയും അനുവദിക്കില്ല. ഇതിന് എതിരാണ്. താൻ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണം. വാക്കുകൾ വളച്ചൊടിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ല. തന്റെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയെല്ല, അങ്ങനെ ഒരിക്കലും പറയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post