ശ്രീനഗർ: പുൽവാമയിൽ ഏറ്റുമുട്ടലിൽ വധിച്ചത് കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ തന്നെയെന്ന് സ്ഥിരീകരിച്ച് സുരക്ഷാസേന. ഭീകരനെ തിരിച്ചറിയാൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭീകരൻ അഖ്വുബ് മുഷ്താക് ഭട്ടിനെയാണ് വധിച്ചതെന്നും സുരക്ഷാ സേന അറിയിച്ചു.
കശ്മീരി പണ്ഡിറ്റും ബാങ്കിലെ സുരക്ഷാ ജീവനക്കാരനുമായ സഞ്ജയ് ശർമ്മയെ ആണ് അഖ്വുബ് വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാൾ അവന്തിപ്പോരയിലെ സങ്കേതത്തിൽ രഹസ്യമായി കഴിഞ്ഞുവരികയായിരുന്നു. ഭീകരർ തമ്പടിച്ചിരിക്കുന്നതായി മാത്രമാണ് സുരക്ഷാ സേനയ്ക്ക് ആദ്യം വിവരം ലഭിച്ചിരുന്നത്.
ഇന്നലെ രാത്രിയാണ് അഖ്വുബിനെ വധിച്ചത്. ഹിസ്ബുൾ മുജാഹിദ്ദീനിൽ പ്രവർത്തിച്ചിരുന്ന ഇയാൾ അടുത്തിടെ ടിആർഎഫിൽ ചേരുകയായിരുന്നു. ടിആർഎഫിന് വേണ്ടിയാണ് ഇയാൾ ഭീകരാക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യുവരിച്ചിരുന്നു. രാവിലെയുണ്ടായ ഏറ്റുമുട്ടലിലായിരുന്നു സംഭവം. ഒരു ജവാന് പരിക്കേറ്റിട്ടുമുണ്ട്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.










