ന്യൂഡൽഹി: ഇന്ത്യയിലെ ഓഫീസുകൾ അടച്ചു പൂട്ടി ട്വിറ്റർ. ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളാണ് അടച്ചു പൂട്ടിയത്. രണ്ട് ഓഫീസുകളിയെും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ട്വിറ്റർ നൽകിയിരിക്കുന്ന നിർദ്ദേശം.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഓഫീസുകൾ അടച്ചുപൂട്ടാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിരവധി തൊഴിലാളികളെ ട്വിറ്റർ പുറത്താക്കിയിരുന്നു. ഇതിന്റെ തുടർ നടപടികൾ എന്നോണമാണ് ഓഫീസുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. രാജ്യത്ത് ആകെ മൂന്ന് ഓഫീസുകളാണ് ട്വിറ്ററിന് ഉള്ളത്. ഇതിൽ പ്രധാനപ്പെട്ട ഓഫീസുകൾ ആയിരുന്നു ഡൽഹിയിലെയും മുംബൈയിലേയും. നിലവിൽ ബംഗളൂരുവിലെ ഓഫീസ് മാത്രമാണ് പ്രവർത്തിക്കുന്നത്.
സാങ്കേതിക പ്രവർത്തനങ്ങൾ മാത്രം നടക്കുന്ന ബംഗളൂരുവിലെ ഓഫീസിൽ ഇന്ത്യക്കാർ കുറവാണ്. ഇവിടെയുള്ള ഇന്ത്യക്കാരും വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് നിർദ്ദേശം. നേരത്തെ ഇന്ത്യയിലെ ജീവനക്കാരിൽ 90 ശതമാനം പേരെയും ജോലിയിൽ നിന്നും പറഞ്ഞുവിട്ടിരുന്നു.
പണമില്ലാത്ത കാരണത്താൽ സാൻ ഫ്രാൻസിസ്‌കോയിലെ ആസ്ഥാനവും ലണ്ടനിലെ ഓഫീസുകളും പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടക കുടിശ്ശികയായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള പണം കണ്ടെത്താൻ ചിലവ് ചുരുക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് ഇന്ത്യയിലെ ഓഫീകൾ അടച്ച് പൂട്ടാൻ തീരുമാനിച്ചത്. അടുത്തിടെ വരുമാനത്തിൽ കുറവുണ്ടായതായി അടുത്തിടെ ട്വിറ്റർ മേധാവി ഇലോൺ മസ്‌കും പറഞ്ഞിരുന്നു. ഈ വർഷം അവസാനിക്കുമ്പോഴേക്കും സാമ്പത്തിക സ്ഥിരത കൈവരിക്കുകയും ട്വിറ്ററിന്റെ ലക്ഷ്യമാണ്.












