ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. കഴിഞ്ഞ ദിവസം തന്റെ പേര് അദാനിയുടെ പേരുമായി ചേർത്ത് വെച്ച് ട്വീറ്റ് ചെയ്ത സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു.
ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെ കോൺഗ്രസ് വിട്ടവരുടെ പേരുകൾ അദാനിയുടെ പേരുമായി കൂട്ടിച്ചേർത്തായിരുന്നു രാഹുലിന്റെ ട്വീറ്റ്. അദാനിയുടെ പേര് ഇടയ്ക്ക് എഴുതി കോൺഗ്രസ് വിട്ടുപോയ ചില നേതാക്കളുടെ പേരിലെ ഓരോ അക്ഷരവും അതിനോട് ബന്ധിപ്പിക്കുന്ന ചിത്രമായിരുന്നു ട്വീറ്റ്. ഗുലാം നബി ആസാദിന്റെയും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെയും പേരുകൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഏപ്രിൽ 14 ന് അസമിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ശേഷം രാഹുലിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ഗുവാഹത്തിയിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺ റെഡ്ഡി, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരുടെ പേരുകളും രാഹുലിന്റെ ട്വീറ്റിൽ ഉണ്ടായിരുന്നു. ഭാവി പ്രധാനമന്ത്രിയെന്ന് കരുതുന്ന രാഹുൽ ട്രോളൻമാരുടെ രീതിയിൽ പെരുമാറരുത് എന്നായിരുന്നു അനിൽ കെ ആന്റണിയുടെ പ്രതികരണം.








