കട്ടപ്പന(ഇടുക്കി): ഹോട്ടലിലെ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയത്. മൂന്നുവിദ്യാര്‍ഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് ശേഷം് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി പൊറോട്ടയും ചിക്കന്‍കറിയും കഴിക്കുകയായിരുന്നു്. ഇതിനിടെയാണ് കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്. ഇതോടെ മൂവരും ഛര്‍ദിച്ചു. തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി. പിന്നാലെ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതിനിടെ, പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം എത്തി ഹോട്ടല്‍ അടപ്പിച്ചു.
അതേസമയം, ചെന്നൈ വാനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റില്‍നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. ഒരാഴ്ച മുന്‍പ് സഹോദരനൊപ്പം പുറത്തുപോയപ്പോള്‍ ശ്വേത ഷവര്‍മ കഴിച്ചിരുന്നു. വീട്ടിലെത്തി മീന്‍കറിയും കഴിച്ചു.
രാത്രി ഛര്‍ദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്നു ചൊവ്വാഴ്ച സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം.
Discussion about this post