ന്യൂഡല്‍ഹി: തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് സൃഷ്ടിച്ച വിഭവങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് സൊമാറ്റോ. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചതായി നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ എക്സില്‍ കുറിച്ചു.
‘ഉപഭോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമിടയിലുള്ള വിശ്വാസ ലംഘനത്തിലേക്ക് ഇത് നയിക്കുന്നു. കൂടാതെ റീഫണ്ടുകള്‍ വര്‍ധിക്കാനും കുറഞ്ഞ ഉപഭോക്തൃ റേറ്റിങ്ങിനും കാരണവുമാകുന്നു’- ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.’ഇനി മുതല്‍ റെസ്റ്റോറന്റ് മെനുകളിലെ ഡിഷ് ഇമേജുകള്‍ക്കായി എഐ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഞങ്ങളുടെ റെസ്റ്റോറന്റ് പങ്കാളികളോട് ആവശ്യപ്പെടുന്നു.
പ്ലാറ്റ്ഫോം ഈ മാസം അവസാനത്തോടെ മെനുകളില്‍ നിന്ന് അത്തരം ചിത്രങ്ങള്‍ സജീവമായി നീക്കംചെയ്യാന്‍ തുടങ്ങും’- ദീപീന്ദര്‍ ഗോയല്‍ കൂട്ടിച്ചേര്‍ത്തു. റെസ്റ്റോറന്റ് ഉടമകളോടും ഇന്‍-ഹൗസ് മാര്‍ക്കറ്റിങ് ടീമിനോടും മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി എഐ ജനറേറ്റഡ് ഇമേജുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനും ഗോയല്‍ ആവശ്യപ്പെട്ടു.
റെസ്റ്റോറന്റ് മെനുകളിലെ വിഭവങ്ങള്‍ക്കായുള്ള ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്നതിനെ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. എഐ സൃഷ്ടിച്ച ഭക്ഷണ വിഭവ ചിത്രങ്ങള്‍ പലതും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വിഷയത്തില്‍ നിരവധി ഉപഭോക്തൃ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത് വിശ്വാസ ലംഘനത്തിലേക്ക് നയിക്കുന്നുവെന്നും ഇത് പരാതികള്‍ക്കും റീഫണ്ടുകള്‍ക്കും ഒപ്പം കുറഞ്ഞ റേറ്റിങ്ങിലേക്കും നയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post