റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ 10 വയസ്സുകാരൻ കൊല്ലപ്പെട്ടു. വെസ്റ്റ് സിംഗ്ഭൂം ജില്ലയിലായിരുന്നു സംഭവം. ബംഗ്ലസായി ടോള സ്വദേശിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് കുട്ടി മരിച്ചത്. രാവിലെ കെന്ദു ഇല ശേഖരിക്കാൻ റോലബ്രുപി വനത്തിലേക്ക് പോയതായിരുന്നു കുട്ടി. ഇതിനിടെ ഭീകരർ സ്ഥാപിച്ച ഐഇഡിയിൽ അറിയാതെ ചവിട്ടുകയായിരുന്നു. ഉഗ്രസ്‌ഫോടനത്തിൽ ഇത് പൊട്ടിത്തെറിച്ചു. ശബ്ദം കേട്ട സ്ഥലത്തേക്ക് വനത്തിൽ വിറക് ശേഖരിക്കാൻ എത്തിയ പ്രദേശവാസികൾ ഓടിയെത്തി നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സ്‌ഫോടന സ്ഥലത്ത് സുരക്ഷാ സേനയെത്തി പരിശോധന നടത്തി. സുരക്ഷാ സേനാംഗങ്ങളെ അപായപ്പെടുത്താനായാണ് സ്ഫോടക വസ്തു സ്ഥാപിച്ചത് എന്നാണ് സൂചന. സംഭവത്തിന് പിന്നാലെ സേനാംഗങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തി. ഉൾവനത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ഇവിടെ വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
അതേസമയം കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അടുത്തിടെ പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ അഞ്ച് ഗ്രാമവാസികൾ ആണ് കൊല്ലപ്പെട്ടത്.








