ഇലോണ്‍ മസ്‌കിന്റെ ഈമെയിലിനോട് പ്രതികരിക്കാതിരുന്നതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട മുന്‍ ട്വിറ്റര്‍ എക്‌സിക്യൂട്ടീവിന് 5 കോടി രൂപയുടെ നഷ്ടപരിഹാരം. ട്വിറ്ററിന്റെ ഡബ്ലിന്‍ ഓഫീസിലെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവായ ഗാരി റൂണിക്കാണ് കോടികളുടെ നഷ്ടപരിഹാരത്തുക ലഭിച്ചത്. എലോണ്‍ മസ്‌കിന്റെ ഇമെയിലിന് മറുപടി നല്‍കാത്തതിന്റെ പേരിലായിരുന്നു ഇദ്ദേഹത്തിനെതിരെ കമ്പനി നടപടി എടുത്തത്.
ട്വിറ്റര്‍ ഏറ്റെടുക്കുകയും അതിനെ എക്സ് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആയിരുന്നു ഈ സംഭവം. കമ്പനി ഏറ്റെടുത്ത മസ്‌ക് എല്ലാവരും കഠിനാധ്വാനം ചെയ്യണമെന്നും അല്ലെങ്കില്‍ പിരിച്ചുവിടല്‍ നേരിടേണ്ടി വരുമെന്നും അറിയിച്ചുകൊണ്ട് മുഴുവന്‍ ജീവനക്കാര്‍ക്കും ഒരു ഇമെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ മെയിലിനോട് പ്രതികരിക്കാതിരുന്ന റൂണി രാജിവെച്ചതായി കമ്പനി അധികൃതര്‍ തെറ്റിദ്ധരിക്കുകയും റൂണിയെ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍, താന്‍ രാജി വെച്ചിട്ടില്ലെന്ന് പറഞ്ഞ റൂണി തന്നെ അനധികൃതമായി പിരിച്ചുവിട്ടു എന്ന് ആരോപിക്കുകയും ചെയ്തു പിന്നാലെ ഇദ്ദേഹം അയര്‍ലന്‍ഡ് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷനെ (WRC) സമീപിക്കുകയും ആയിരുന്നു. തുടര്‍ന്ന് ഇമെയില്‍ സന്ദേശത്തോട് പ്രതികരിക്കാതിരുന്നത് ഒരു വ്യക്തിയുടെ രാജിയായി കണക്കാക്കാന്‍ ആവില്ലെന്ന് അയര്‍ലന്‍ഡ് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ വാദിച്ചു.
തെളിവുകള്‍ നല്‍കുന്നതില്‍ ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകര്‍ പരാജയപ്പെട്ടുവെന്ന് ആര്‍ടിഇ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിരിച്ചുവിട്ടതിന് ശേഷം ട്വിറ്റര്‍ ഇന്റര്‍നാഷണല്‍ അണ്‍ലിമിറ്റഡ് കമ്പനി താനുമായോ അഭിഭാഷകനുമായോ ആശയവിനിമയം നടത്താന്‍ തയ്യാറായില്ലെന്നും റൂണി ആരോപിച്ചു. വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ കോടതി ഗാരി റൂണിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
Discussion about this post