ഡല്‍ഹി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളിയും പാര്‍ട്ടി ചാനലിനെ വിമര്‍ശിച്ചും പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. എന്‍.ഡി.ടി.വി. വാര്‍ത്താപോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ കൈരളി ചാനല്‍ പരസ്യമായി മാപ്പുപറയണമെന്ന് വൃന്ദ ആവശ്യപ്പെട്ടു.
നടിയും പ്രതിയും തമ്മില്‍ ബന്ധമുണ്ടെന്ന മട്ടിലായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിചാനലില്‍ വന്ന വാര്‍ത്ത. ‘കൈരളി’ വാര്‍ത്തയിലെ തെറ്റിനെയാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും നടിക്കെതിരേ മോശം വാര്‍ത്ത നല്കിയ എല്ലാ മാധ്യമങ്ങളും വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ലേഖനത്തെക്കുറിച്ചുചോദിച്ചപ്പോള് വൃന്ദ പ്രതികരിച്ചു.
സ്ത്രീകള്‍ക്കുനേരേയുള്ള അക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ വെളിപ്പെടുത്തിയത് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നടിക്കുനേരേയുള്ള അക്രമം ഒറ്റപ്പെട്ടതാണെന്ന് വാദിച്ച കോടിയേരിക്കുള്ള മറുപടിയാണിതെന്നാണ് പാര്ട്ടിവൃത്തങ്ങളിലെ ചര്‍ച്ച. ഏറെ അസ്വസ്ഥപ്പെടുത്തുന്ന സാമൂഹികപ്രവണതയാണ് നടിക്കുനേരേയുള്ള അക്രമം തെളിയിക്കുന്നതെന്ന് വൃന്ദ പറയുന്നു. ഇരയായ ചലച്ചിത്രനടി അസാമാന്യധൈര്യം കാട്ടി. ലൈംഗികാതിക്രമങ്ങളില്‍നിന്ന് രക്ഷപ്പെടുന്നവര്‍ അപമാനം ഭയന്ന് നിശ്ശബ്ദരാകാറുണ്ട്.
ഇടതുപക്ഷാഭിമുഖ്യമുള്ള രാഷ്ട്രീയസാംസ്കാരികഘടനയുള്ള കേരളത്തില്‍ സ്ത്രീകളെ കമ്പോളവസ്തുവായി മാത്രംകാണുന്ന സാമൂഹികപ്രവണത തിരിച്ചറിയാനായില്ലെങ്കില്‍ അത് സ്വന്തം പരാജയമാവുമെന്നാണ് വൃന്ദയുടെ മുന്നറിയിപ്പ്. ഇത്തരം വാസ്തവങ്ങളെ എങ്ങനെ നേരിടാമെന്നതാണ് ലിംഗസമത്വം ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ഇടതുസര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളിയെന്നും അവര്‍ ഓര്‍മിപ്പിച്ചു.
Discussion about this post