തിരുവനന്തപുരം: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വാഹനമോടിച്ച സംഭവത്തിൽ യൂടയൂബർ സഞ്ചു ടെക്കിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ. കയ്യിൽ പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു സ്വിമ്മിംഗ് പൂളുണ്ടാക്കി രാവിലെയും വൈകീട്ടും അതിൽ നീന്തണം. അത് ആരോഗ്യത്തിന് നല്ലതായിരിക്കും. എംവിഡിയെ വെല്ലുവിളിക്കാൻ ഇത് പഴയകാലമല്ല.
യൂട്യൂബിൽ റീച്ച് കൂട്ടുന്നതിനൊന്നും തനിക്ക് പ്രശ്‌നമില്ല. എന്നാൽ, നിയമലംഘനം നടത്തി റീച്ച് കൂട്ടുന്നത് സമ്മതിച്ച് തരാനാവില്ല. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മോട്ടോർ വകുപ്പിന് സ്വീകരിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ നടപടി തന്നെ സ്വീകരിക്കും. ഹൈക്കോടതി ഇടപെട്ടതിനാൽ, ഇനി നല്ല റീച്ച് തന്നെയായിരിക്കും. എന്നാൽ, അത് നിങ്ങൾ ഉദ്ദേശിക്കുന്ന റീച്ച് ആയിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
എംവിഡി ഉപദേശിച്ച് വിടുമ്പോഴും തന്റെ റീച്ച് കൂടിയെന്നാണ് യൂട്യൂബർ പറഞ്ഞത്. ഇയാളുടേത് ക്രിമിനൽ നടപടികളാണ്. അതിന് ക്രിമിനൽ ശിക്ഷ നൽകണം. ഇയാളുടെ മുൻപത്തെ വീഡിയോകളും പരിശോധിക്കാൻ എംവിഡിക്ക് നിർദേശം നലകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
Discussion about this post