ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടലിനെ തുടർന്നുള്ള തിരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ഉച്ചയോടെ ഏറ്റുമുട്ടൽ അവനാസിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്.
പുൽവാമയിലെ നിഹാമ മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. രാവിലെ മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരർ ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധനയ്ക്കിടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർത്തു. ഇതോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.












