ന്യൂയോർക്ക്: കഴിഞ്ഞ മാസമാണ് രണ്ട് ദശാബ്ദക്കാലത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ സൗരക്കാറ്റ് വീശിയടിച്ചത്. ഇതിന്റെ ഭാഗമായുള്ള ധ്രുവ ദീപ്തി ഇന്ത്യയിൽ ഉൾപ്പെടെ ദൃശ്യമാകുകയും ചെയ്തു. ഭൂമിയെ സംബന്ധിച്ചിടത്തോളം സൗരക്കാറ്റ് അത്ര ശുഭകരമല്ല. നമ്മുടെ വൈദ്യുതി- വാർത്താ വിനിമയ ബന്ധങ്ങളെ തകരാറിലാക്കും എന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ തവണ വീശിയ കാറ്റ് ഭൂമിയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകർ ഭയന്നിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അതിനേക്കാൾ ശക്തിയേറിയ സൗരക്കാറ്റ് അടുത്ത ദിവസങ്ങളിൽ ഭൂമിയിലേക്ക് വീശിയടിക്കുമെന്നാണ് പുതിയ വിവരം.
നാസയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂൺ ആറിനായിരിക്കും സൗരക്കാറ്റ് വീശിയടിക്കുക എന്ന് നാസ വ്യക്തമാക്കുന്നു. ഇത് ഭൂമിയ്ക്ക് സാരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ജൂൺ ആറിന് എത്തുന്ന സൗകരക്കാറ്റ് നമ്മുടെ പവർഗ്രിഡുകൾക്ക് സാരമായ തകരാറുണ്ടാക്കും. തത്ഫലമായി പല പ്രദേശങ്ങളിലും വൈദ്യുതി ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഇതിന് പുറമേ വ്യോമ- കപ്പൽ ഗതാഗതവും തടസപ്പെട്ടേക്കാമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
സൂര്യനിൽ ഉണ്ടാകുന്ന പൊട്ടിത്തെറികളാണ് സൗരക്കാറ്റിന് കാരണം ആകുന്നത്. ഇത്തരത്തിൽ പൊട്ടിത്തെറിക്കുമ്പോൾ സൂര്യനിൽ നിന്നും താപകാന്തിക പ്രവാഹം ആണ് സൗരക്കാറ്റായി വീശുന്നത്.
Discussion about this post