കോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കോഴിക്കോട് കോർപ്പറേഷൻ 11,15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ.
വടകര ലോക്‌സഭാ മണ്ഡലത്തിൽ കനത്ത പോലീസ് സുരക്ഷയേർപ്പെടുത്തുമെന്ന് റൂറൽ എസ്.പി. ഡോ. അരവിന്ദ് സുകുമാർ നേരത്തെ അറിയിച്ചിരുന്നു. വടകര ഉൾപ്പെടുന്ന കോഴിക്കോട് റൂറൽ പോലീസ് ജില്ലയിലെ ബറ്റാലിയനിൽ നിന്നുള്ള ആറ് കമ്പനി സേന ഉൾപ്പെടെ 1600 ഓളം പോലീസുകാർ സുരക്ഷയ്ക്കായി രംഗത്തിറങ്ങും.
വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് സംബന്ധിച്ച കേസിൽ മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭിച്ചില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ എസ്.പി വ്യക്തമാക്കിയത്. സൈബർ വിഭാഗവുമായി ചേർന്ന് വിവരം ലഭിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. മെറ്റയിൽ നിന്ന് വിവരം കിട്ടിയാൽ മാത്രമേ കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ എന്നും എസ് പറഞ്ഞു.
Discussion about this post