തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ പത്ത് വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി പുറത്ത്. കുട്ടി തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും മരിക്കുന്നതിന് മൂന്ന് ദിവസം മുന്നെ വരെ പീഡനത്തിനിരയായിരുന്നതായുമാണ് ഡോക്ടറുടെ മൊഴി. മൃതദേഹത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍ മൊഴി നല്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഡോക്ടര്‍ കെ.വത്സലയാണ് മൊഴിനല്‍കിയത്.
കഴിഞ്ഞ ജനുവരി 15നാണ് പെണ്‍കുട്ടിയെ വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അമ്മയും ഉറ്റ ബന്ധുക്കളുമടക്കം ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ അമ്മയടക്കമുള്ളവര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതും അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. ഇതിനിടെയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തിയത്.
അച്ഛനും അമ്മയും തമ്മിലുള്ള കുടുംബപ്രശ്നത്തിന്റെ പേരിലാണ് ജീവനൊടുക്കിയത് എന്ന രീതിയിലുള്ള ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. പക്ഷെ ഇത് വ്യാജമാണെന്ന സംശയം പോലീസിനുണ്ട്. കത്ത് കുട്ടി എഴുതിയത് തന്നെയാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. മരണം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ആര്‍ക്കെതിരെയും പോലീസ് നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും സംഭവം വീണ്ടും വിവാദമാവുകയും ചെയ്തത്. കേസില്‍ വീഴ്ചയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് അന്വേഷണത്തിന് ആദ്യം നേതൃത്വം നല്കിയ പോലീസുകാര്‍ക്കെതിരെ നടപടിയുമെടുത്തിരുന്നു.
Discussion about this post