തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്കുന്ന മൊത്തവിതരണക്കാരനാണെന്ന് പ്രതിപക്ഷം നിയമസഭയില്‍. കൃഷുവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമിയും തമ്മിലുള്ള പരസ്യമായ പോര് വിഷയമാക്കി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്കി സംസാരിക്കവേ വി.ഡി സതീശനാണ് ആരോപണം ഉന്നയിച്ചത്.
ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് മൂലം കൃഷി വകുപ്പില്‍ ഭരണസ്തംഭനമുണ്ടായിരിക്കുകയാണെന്നും സതീശന് കുറ്റപ്പെടുത്തി. ഗീതാ ഗോപിനാഥിന്റെ പിതാവായതുകൊണ്ട് പച്ചക്കറി വാങ്ങുന്നതിന്റെ പണം കൃത്യമായി കൃഷി വകുപ്പ് കൊടുക്കുന്നുണ്ട്. അതേസമയം വട്ടവട പച്ചക്കറി സൊസൈറ്റി അടക്കമുള്ളവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സതീശന് കുറ്റപ്പെടുത്തി. ഗീതാ ഗോപിനാഥിന്റെ പിതാവിനെക്കുറിച്ച് ആരോപണം ഉന്നയിച്ചപ്പോള്‍ വിഷയത്തില്‍ ഊന്നി നിന്ന് സംസാരിക്കണമെന്ന സ്പീക്കറുടെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഇടപെടലാണ് പ്രശ്നം വഷളാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി പ്രതിപക്ഷം സ്പീക്കറെ ഭീഷണിപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തി. ഇങ്ങനെ പോയാല്‍ സഭ എവിടെയെത്തുമെന്ന് യുഡിഎഫ് നേതൃത്വം ആലോചിക്കണം. പ്രതിപക്ഷം പരിധിവിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെയറിനെ സമ്മര്‍ദത്തിലാക്കാന്‍ നോക്കേണ്ടെന്ന് സ്പീക്കറും പറഞ്ഞു.
Discussion about this post