റിയാദ്: യോഗയെ കായിക ഇനമായി അംഗീകരിച്ച് സൗദി അറേബ്യ. സൗദി വാണിജ്യ വ്യാപാര മന്ത്രാലയം യോഗയെ കായിക ഇനമാക്കി അംഗീകരിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സൗദി പൗരന്മാര്ക്ക് യോഗ പരിശീലിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിതായും റിപ്പോര്‍ട്ടിലുണ്ട്. നവംബര്‍ 14 ചൊവ്വാഴ്ചയാണ് സൗദി സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നൗഫ് മര്‍വായ് എന്ന 37കാരിയുടെ ശ്രമഫലമായാണ് സൗദി അറേബ്യയില്‍ യോഗ കായിക ഇനമായി അംഗീകരിക്കപ്പെട്ടത്.
സര്‍ക്കാരില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാതായതോടെ നൗഫ് മര്‍വായി സൗദി റോയല്‍ കൗണ്‍സില്‍ അംഗമായ രാജകുമാരിയുടെ മുന്നിലെത്തി. ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന രാജകുമാരി റീമ ബിന്‍ത്ത് ബാന്ദര് ആല്‍സൗദ് നൗഫിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി.
വനിതകള്‍ക്ക് ബാസ്ക്കറ്റ് ബോള്‍ കളിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് യോഗ അഭ്യസിക്കാനും പഠിപ്പിക്കാനും സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയത്. സല്മാന് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും ഭരണത്തിന് കീഴിലാണ് സൗദിയില്‍ വിപ്ലവകരമായ പലമാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതും അടുത്തിടെയായിരുന്നു.
ഇന്ത്യയിലെ റാഞ്ചിയില്‍ യോഗ പഠിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലീം സ്ത്രീയ്ക്ക് സ്വന്തം സമുദായംഗങ്ങള്‍ ആക്രമിച്ചിരുന്നു. ഈ സംഭവമുണ്ടായി രണ്ടു ദിവസത്തിന് ശേഷമാണ് ലോകത്തിലെ പ്രമുഖ ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യ യോഗയെ കായിക ഇനമായി അംഗീകരിച്ചിരിക്കുന്നത്. റാഫിയ നാസ് എന്ന മുസ്ലീം വനിതയ്ക്കാണ് യോഗയുടെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. യോഗ പഠിപ്പിക്കുന്ന റാഫിയക്കെതിരെ പ്രദേശത്തെ മതപുരോഹിതന്മാര് ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു. യോഗയെക്കുറിച്ച് ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് സൗദി അറേബ്യ യോഗയെ കായിക ഇനമായി പ്രഖ്യാപിച്ചതെന്നതും ശ്രദ്ധയമാണ്.
അതേസമയം തീരുമാനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി രംഗത്തെത്തി. യോഗ ശാസ്ത്രീയമായ ഒന്നാണ് അതിന് മതവുമായി യാതൊരു ബന്ധവുമില്ലെന്നും സൂര്യ നമസ്കാരത്തെ ഉദാഹരണമായി കാണിച്ച് സ്വാമി വ്യക്തമാക്കി. ഹിന്ദുക്കള്‍ക്ക് സൂര്യന് ദൈവമാണ് പക്ഷെ നിങ്ങള്‍ക്ക് സൂര്യനെ ഗ്രഹമെന്ന് വിളിക്കാമെന്നും സ്വാമി പറഞ്ഞു. മുസ്ലിം മത പണ്ഡിതന് മൗലാനാ സാജിത് റാഷിദി ഈ നിലപാടിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും. യോഗ ഇസ്ലാമില്‍ വിലക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Discussion about this post