അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പട്ടീദാര്‍ സമിതി സഖ്യത്തില്‍ തര്‍ക്കം രൂക്ഷം. സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്സിന് പട്ടീദാര്‍ സമിതിയുടെ അന്ത്യശാസനം. ആവശ്യപ്പെട്ട മുഴുവന്‍ സീറ്റും നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കി. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി പറയുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കവേയാണ് സീറ്റു വിഭജനത്തിലെ തര്‍ക്കം രൂക്ഷമായത്.
പട്ടേല്‍ സമുദായ വോട്ടുകള്‍ക്ക് വേണ്ടി ഹാര്‍ദ്ദിക് പട്ടേലിന്റെ പട്ടീദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുമായുണ്ടാക്കിയ ധാരണ കോണ്‍ഗ്രസ്സിനു തന്നെ തലവേദനയാകുന്നു. ആകെ 182 മണ്ഡലങ്ങളില്‍ 30 സീറ്റുകളാണ് പട്ടീദാര്‍ സമിതി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇത്രയും സീറ്റ് വിട്ടു നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ്സില്‍ പാളയത്തില്‍ പട രൂപപ്പെട്ടിരിക്കുന്നു. പട്ടീദാര്‍ സമിതി ആവശ്യപ്പെട്ട പല മണ്ഡലങ്ങളിലും സീറ്റ് ലക്ഷ്യമിട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന നേതാക്കളും കോണ്‍ഗ്രസ്സിന്റെ യുവജന സംഘടനകളും ഇതില്‍ കടുത്ത എതിര്‍പ്പുയര്‍ത്തി. ഇത്രയും സീറ്റുകള്‍ വിട്ടു നല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസ്സ് നിലപാട്.
ഇതോടെ കോണ്‍ഗ്രസ്സ് ക്യാമ്പില്‍ കടുത്ത ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ സീറ്റ് ധാരണ സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് കോണ്‍ഗ്രസ്സിന് പട്ടീദാര്‍ സമിതി അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഈ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് കോണ്‍ഗ്രസ്സ് നേതാക്കളും നിലപടെടുത്തു കഴിഞ്ഞു. എന്നാല്‍ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടു നടത്തിയ ചര്‍ച്ചയിലൂടെ ഉണ്ടാക്കിയ ധാരണയായതിനാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതൃത്വവും പട്ടീദാര്‍ സമിതിയുടെ കാര്യത്തില്‍ നിസ്സഹായരാണ്. സീറ്റ് സംബന്ധിച്ച് ധാരണയിലെത്താന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളും നേരത്തേ ഫലം കണ്ടില്ല.
Discussion about this post