കൊച്ചി: താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ പറഞ്ഞതായി എറണാകുളം മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍.വി.രാജു സോളാര്‍ കമ്മിഷന് മുമ്പാകെ മൊഴി നല്കി. ആരെങ്കിലും ബലാത്സംഗത്തിനിരയായോ എന്ന ചോദ്യത്തിന് അതെ എന്ന് സരിത മറുപടി നല്‍കിയെന്നും രാജു പറഞ്ഞു.
അഞ്ചോ ആറോ മിനിട്ടാണ് സരിതയുമായി താന്‍ സംസാരിച്ചത്. പലരും ലൈംഗികമായി ഉപയോഗിച്ചു എന്ന് സരിത പറഞ്ഞു. ഒന്നു രണ്ട് പേരുകള്‍ പറഞ്ഞു. അത് അത്ര പരിചയമുള്ളതായിരുന്നില്ല. അതിനാല്‍ തന്നെ പേരുകള്‍ ഇപ്പോള്‍ ഓര്‍മിക്കാനും കഴിയുന്നില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പേരാണ് എന്നാണ് ഓര്മ. മറ്റ് ജോലികളില്‍ വ്യാപൃതനായിരുന്നതിനാല്‍ പേരുകള്‍ ശ്രദ്ധിക്കാനായില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമില്ലാത്തതിനാലാണ് പരാതി താന്‍ രേഖപ്പെടുത്താതിരുന്നതെന്നും മജിസ്ട്രേട്ട് വിശദീകരിച്ചു.
ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് സരിത പറഞ്ഞതു കൊണ്ടാണ് അവരോട് തന്നെ പരാതി എഴുതി നല്കാന് ആവശ്യപ്പെട്ടതെന്നും രാജു പറഞ്ഞു. പെരുന്പാവൂര്‍ ഡിവൈ:എസ്.പിയും അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടറും തന്നെ വന്നു കണ്ടു. സരിത ഉന്നതരുടെ പേരുകള്‍ പറഞ്ഞോയെന്ന് തന്നോട് അന്വേഷിച്ചു. അപ്പോഴും ഇതേ മറുപടിയാണ് നല്‍കിയത്. മൊഴി താന്‍ രേഖപ്പെടുത്തിയില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചതായും ശിവരാജന് കമ്മിഷന് മുമ്പാകെ മജിസ്ട്രേട്ട് മൊഴി നല്കി.
2013 ജൂലായ് 20ന് എറണാകുളം രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സരിത തനിക്ക് രഹസ്യമായി ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് മജിസ്ട്രേട്ട് രാജുവിനെ അറിയിച്ചത്. തുടര്‍ന്ന് അന്നേദിവസം ഉച്ചയ്ക്ക് അടച്ചിട്ട കോടതിക്കുള്ളില്‍ മജിസ്ട്രേറ്റ് 20 മിനിറ്റോളം സരിതയുടെ പരാതി കേട്ടു. എന്നാല്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് സരിതയോട് തന്നെ ഇത് എഴുതി നല്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു. സരിത എഴുതി നല്കിയ പരാതിയിലെ കാര്യങ്ങള്‍ പിന്നീട് മാദ്ധ്യമങ്ങളില്‍ വന്നെങ്കിലും, അതെല്ലാം ഒരു കെട്ട് നുണകള്‍ മാത്രമാണെന്ന് മജിസ്ട്രേട്ട് പിന്നീട് പറഞ്ഞിരുന്നു.
ലൈംഗികമായി ആരെങ്കിലും ഉപയോഗിച്ചതായി സരിത എസ്. നായര്‍ മജിസ്ട്രേട്ടിനോട് പരാതിപ്പെട്ടില്ലെന്ന് ശിരസ്തദാറും മറ്റ് ജീവനക്കാരും കമ്മിഷന് മൊഴി നല്‍കിയിരുന്നു.
Discussion about this post