( പെന്‍ഡ്രൈവ് ) നന്ദികേശന്
കേരളത്തില്‍ സമസ്തമേഖലയിലും അഴിമതിയാണ്, കാശുകൊടുക്കാതെ ഒരു കാര്യവും നടത്തിക്കിട്ടാത്ത അവസ്ഥയാണ് എന്നൊക്കെ കോടിയേരിയോ അച്ചുമാമനോ പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം…!! ഇതിപ്പോ സ്വന്തം പാര്‍ട്ടിയിലെ അതും സ്വപക്ഷത്തെ നേതാവ് തന്നെ ഇമ്മാതിരി കാച്ച് കാച്ചും എന്ന് ആരേലും വിചാരിക്കുമോ…? മറ്റൊരാള്‍ ഇരിക്കണ കസേര വലിച്ചു മാറ്റി എങ്ങനെ സ്വന്തമാക്കാം എന്ന് 1995 ല്‍ പഠിപ്പിച്ചുതന്ന ആളാണ്..!! പഠിപ്പിച്ച വിദ്യയ്ക്ക് ഗുരുദക്ഷിണയായി 2004 ല്‍ അതേ ടെക്നിക് അങ്ങോട്ടും ഒന്ന് കാണിച്ചുകൊടുത്തു എന്നതും സത്യമാ…! ഇനി അതിനു പ്രതികാരം ചെയ്യാന്‍ ഈ 2015 ല്‍ ഇങ്ങോട്ട് വന്നിരിക്കുകയാണോ..?! ദൈവത്തിനറിയാം…!
ചിലരുടെ ഒരു വിനോദമാണ് വെടിക്കെട്ടുപുരയ്ക്ക് അടുത്തുപോയി നിന്ന് ബീഡി വലിക്കുക എന്നത്. ബീഡി വലിച്ചാല്‍ മാത്രം പോരാ. പുക ഊതി അകത്തേയ്ക്ക് വിടും. പറ്റിയാല്‍ ചാരവും തട്ടിക്കുടഞ്ഞ് അകത്തേയ്ക്കിടാന് നോക്കും.. ഒരു തീപ്പൊരി അകത്തെ സാധനങ്ങളില്‍ വീണാല്‍ പിന്നെ പുര ഇരുന്നിടത്ത് ചാരം പോലും ഉണ്ടാവില്ല എന്നറിയാം..എന്നാലും ഒരു രസം …!!!
അങ്ങനെയിങ്ങനെയൊന്നും വായ തുറക്കില്ല…!! സാധാരണഗതിയില്‍ നാക്കുണ്ടോ എന്നറിയണമെങ്കില്‍ വായ വലിച്ചു പൊളിച്ചു നോക്കണം… നീലക്കുറിഞ്ഞിപൂക്കുന്നത് പോലെ ആണ്ടുകള്‍ കൂടുമ്പോള്‍ വായ തുറന്നു നാസികാ അക്ഷരങ്ങളില്‍ (ങ, ഞ, ണ, ന, മ) എന്തെങ്കിലും ഒരു കാച്ച് കാച്ചും പറയുന്നതില്‍ പാതിയും മനസിലാകില്ല എങ്കിലും മനസ്സിലാകുന്ന ആ പാതി ഉണ്ടല്ലോ..അതൊരു ഒന്നൊന്നര പാതി ആയിരിക്കും. ശത്രുക്കള്‍ക്കും സ്വന്തം പക്ഷത്തെ ചില അഭ്യുദയകാംക്ഷികള്‍ക്കും പിന്നെ അടുത്ത കുറേ കാലത്തേയ്ക്ക് മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്താന്‍ വേറെ കത്തിയൊന്നും വാങ്ങേണ്ടി വരില്ല.
ഒരാള്‍ ആള്‍ക്കൂട്ടത്തില്‍വച്ച് നമ്മുടെ നേരെ നോക്കി ‘കള്ളന്, കള്ളന്’ എന്ന് വിളിച്ച് ഓടിവന്നാല്‍ എന്ത് ചെയ്യും..? ഞാന്‍ കള്ളനല്ല എന്നൊക്കെപ്പറഞ്ഞു സോദാഹരണപ്രഭാഷണത്തിനു നിന്നാല്‍ ചിലപ്പോള്‍ മയ്യത്തെടുക്കേണ്ടി വരും…!! അപ്പോള്‍ ഒരേയൊരു വഴിയേഉള്ളൂ..! നമ്മളും മുന്നില്‍ പോകുന്ന ഒരുത്തന്റെ പുറകേ കള്ളന് കള്ളന് എന്ന് പറഞ്ഞു ഓടുക…!! അവനു ബുദ്ധിയുണ്ടെങ്കില്‍ അവനും ഇതേ സൂത്രം കാണിച്ച് രക്ഷപ്പെട്ടോളും…!! എന്തായാലും നമ്മള് സേഫ് ആവും…!! ഈ സേഫ് വിദ്യ മറ്റാരേക്കാളും നന്നായി കോണ്്ഗ്രസ്സുകാര്ക്ക് അറിയാം..കടിയ്ക്കണ പട്ടിയ്ക്കല്ലേ വടു ഉണ്ടാകൂ…!!!
കേരളഭരണത്തിലെ അഴിമതിയെപ്പറ്റിയുള്ള നാസികാ വെളിപാട് ഉണ്ടായപ്പോള്‍ത്തന്നെ പ്രസിഡന്റും മുന്‍പ്രസിഡന്റും മുഖ്യമന്ത്രിയും ഒക്കെ ആ അഴിമതിയ്ക്കെതിരെ ഒരുമിച്ച് രംഗത്തെത്തിക്കളഞ്ഞു.. കേന്ദ്രനേതാവ് പറഞ്ഞത് പച്ചപ്പരമാര്‍ത്ഥം തന്നെയാണെന്ന് സംസ്ഥാന തലവന്‍..!! രണ്ടുപേര്‍ക്കും ആദര്ശവാതത്തിന്റെ ഉപദ്രവം ജന്മനാ കലശലാണ്…!! കേന്ദ്രനും നിലവില്തലവനും പറഞ്ഞാല്‍പ്പിന്നെ മുന്‍തലവന്‍ മിണ്ടാതിരിക്കാനൊക്കുമോ..??!! നേതാവിന്റെ ആരോപണം 100 ശതമാനം സത്യമാണ് എന്ന് സാക്ഷ്യപ്പെടുത്തിക്കളഞ്ഞു…!! കൂടെ നാട്ടുകാര്‍ക്കും ഒരു കുത്ത്…!! സര്‍ക്കാര്‍ മാത്രം വിചാരിച്ചാ അഴിമതി തടയാന്‍ പറ്റില്ലാ നാട്ടുകാരും കൂടി വിചാരിക്കണം അത്രേ..!! അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങളാലാകും വിധം അഴിമതിയ്ക്ക് തടയിടാന്‍ ഈ വാക്കുകള്‍ അവരെ പ്രേരിപ്പിക്കുമായിരിക്കും, ല്ലേ..?
കേന്ദ്രനും സംസ്ഥാനന്മാരും ഇത്രെയും പറഞ്ഞ സ്ഥിതിയ്ക്ക് മുഖ്യന് മിണ്ടാതിരിക്കാനൊക്കുമോ..!! അഴിമതി ചെയ്യുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത് എന്നൊരു പ്രഖ്യാപനം അങ്ങോട്ട് നടത്തി…!! ഭരണത്തിന്റെ അവസ്ഥ കണ്ട് കൊമ്പേത് മരമേത് എന്ന് നിശ്ചയമില്ലാതെ നില്‍ക്കുകയാണ് നാട്ടുകാര്‍…!! ഇനിയിപ്പോള്‍ മാണിസാറും കൂടി കേന്ദ്രനേതാവിന് പിന്തുണ പ്രഖ്യാപിച്ച് അഴിമതിയെ പുലഭ്യം പറഞ്ഞാല്‍ പൂര്‍ത്തിയായി..!
എന്തായാലും ഇപ്പോള്‍ മൊത്തം കണ്ഫ്യൂഷന് ആയി..!! ഇതൊക്കെ കണ്ട് പാവം അഴിമതി പേടിച്ച് ഓടിക്കളഞ്ഞു..!! ഇനി മേലില്‍ വാളയാര്‍ അതിര്‍ത്തി വിട്ട് കേരളത്തിലേയ്ക്ക് അത് വരില്ല…!!യേത്…?
Discussion about this post