പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് മറ്റന്നാള്‍ തുടക്കമാകും. മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലായി അഞ്ച് ദിവസമാണ് മോദിയുടെ സന്ദര്‍ശനം. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. ആദ്യം റുവാണ്ടയിലേക്കാണ് മോദി പോവുക. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. റുവാണ്ടയിലെത്തുന്ന മോദി പ്രസിഡന്റ് പോള്‍ കാഗമിന് സമ്മാനമായി 200 പശുക്കള്‍ നല്‍കും. ‘ഗിരിങ്ക’ പദ്ധതിയുടെ ഭാഗമായാണ് മോദി പശുക്കള്‍ സമ്മാനമായി നല്‍കുന്നത്.
2006 ല്‍ റുവാണ്ട ഭരണകൂടം ആരംഭിച്ച പദ്ധതിയാണ് ‘ഗിരിങ്ക’. ‘ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു പശു’ എന്നതാണ് പദ്ധതിയുടെ ആശയം. ഇതിനോടകം 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നാണ് റുവാണ്ട ഭരണകൂടം പറയുന്നത്.
റുവാണ്ടയില്‍നിന്നും ഉഗാണ്ടയിലേക്കാണ് നരേന്ദ്ര മോദി പോവുക. രണ്ട് ദിവസത്തെ ഉഗാണ്ട സന്ദര്‍ശനത്തിനിടെ മോദി ഉഗാണ്ട പാര്‍ലമെന്റിനേയും ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും. അവിടെനിന്നും മോദി ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറിള്‍ റാമഫോസയുമായി കൂടിക്കാഴ്ച നടത്തും. ബ്രിക്സ് ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുക്കും.
Discussion about this post