ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ജൂലൈ 22ന് അവതരിപ്പിക്കുമെന്ന് സൂചന. ഇത്തവണത്തെ ബജറ്റ് അവതരണത്തോടെ ധനമന്ത്രി നിർമ്മലാ സീതാരാമനും ചരിത്രം സൃഷ്ടിക്കും. തുടർച്ചയായി ഏഴ് കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന ബഹുമതിയാണ് ഇന്ത്യയുടെ ചരിത്രത്തിൽ നിർമ്മല സീതാരാമനെ തേടിയെത്തുന്നത്.
ബജറ്റ് അവതരണത്തിന് മുൻപ് വിവിധ മേഖലകളിൽ നിന്നുള്ള സാമ്പത്തിക സർവ്വേ ധനമന്ത്രാലയം പൂർത്തിയാക്കും. ജൂലൈ മൂന്നിന് സാമ്പത്തിക സർവ്വേ പുറത്തുവരുമെന്നാണ് സൂചന.
2019 ജൂലൈയിലാണ് മോദി മന്ത്രിസഭയിൽ നിർമ്മലാ സീതാരാമൻ ധനമന്ത്രിയായത്. രാജ്യത്തിൻറെ ആദ്യ മുഴുവൻ സമയ വനിതാ ധനകാര്യ മന്ത്രിയെന്ന ബഹുമതിയും അതോടെ നിർമ്മലയ്ക്ക് സ്വന്തമായി. കഴിഞ്ഞ വർഷം ഫെബ്രുവരിയോടെ അഞ്ച് സമ്പൂർണ്ണ ബജറ്റും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചു. മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി. ചിദംബരം, യശ്വന്ത് സിൻഹ എന്നിവരുൾപ്പെടെയുള്ള തൻറെ മുൻഗാമികളുടെ അഞ്ച് ബജറ്റുകളുടെ റെക്കോർഡും ഇതോടെ നിർമ്മല മറികടന്നു. ആറ് ബജറ്റുകൾ അവതരിപ്പിച്ച് മൊറാർജി ദേശായിയുടെ റെക്കോർഡിനൊപ്പവും കഴിഞ്ഞ മന്ത്രിസഭയിലെ ബജറ്റ് അവതണത്തോടെ നിർമ്മല എത്തിനിൽക്കുന്നു.
ഇത്തവണയുള്ള ബജറ്റ് അവതരണത്തോടെ മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമ്മലാ സീതാരാമൻ തകർക്കുന്നത്. ആറ് പതിറ്റാണ്ട് മുൻപ് ധനമന്ത്രിയായിരുന്ന മൊറാർജി ദേശായി ആറ് തവണയാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രികൂടിയായിരുന്നു മൊറാർജി ദേശായി. 1977 മാർച്ച് 24 മുതൽ 1979 ജൂലൈ 28 വരെയാണ് മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലിരുന്നത്.
1959 മുതൽ 1964 വരെ രാജ്യത്തിൻറെ ധനമന്ത്രിയായിരുന്നു മൊറാർജി ദേശായി . ഈ കാലയളവിൽ അഞ്ച് സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അദ്ദേഹം അവതരിപ്പിച്ചു, നിർമ്മലാ സീതാരാമന് തൊട്ടുമുൻപ് മോദി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി 2014-15 മുതൽ 2018-19 വരെ തുടർച്ചയായി അഞ്ച് തവണ പാർലമെൻറിൽ ബജറ്റ് അവതരിപ്പിച്ചിരുന്നു. 2019 ഫെബ്രുവരി ഒന്നിന് 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് പിയൂഷ് ഗോയലും അവതരിപ്പിച്ചു.
Discussion about this post