ലക്‌നൗ: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിശ്വാസികൾക്ക് നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് നിർദ്ദേശം. റോഡുകളിൽ പ്രാർത്ഥന നടത്താൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ബക്രീദ് ആഘോഷം സമാധാന പരമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി യോഗി ആദിത്യനാഥ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഇതിലായിരുന്നു അദ്ദേഹം നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. ഇവ കർശനമായി നടപ്പിലാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും വിശ്വാസികൾ പ്രാർത്ഥന നടത്തി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഇത് തടയുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
ബക്രീദ് ദിനത്തിൽ പൊതുസ്ഥലത്ത് നിസ്‌കരിക്കാൻ ആരെയും അനുവദിക്കരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മസ്ജിദുകൾ, വീടുകൾ, ഈദ്ഗാഹുകൾ എന്നിവിടങ്ങളിൽ മാത്രമേ പ്രാർത്ഥന അനുവദിക്കുകയുള്ളൂ. പൊതുസ്ഥലങ്ങളിൽ മൃഗബലി നടത്തരുത്. ബക്രീദ് ആഘോഷത്തിന് ശേഷവും വീടിന്റെ പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
മീററ്റ്, അലിഗഡ്, ബറേലി എന്നിവിടങ്ങളിൽ കൂട്ട പ്രാർത്ഥന നടത്താൻ പോകുന്നതായി വ്യക്തമാക്കി കൊണ്ടുള്ള സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾ അനുവദിക്കരുത്. നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. വർഗ്ഗീയ സംഘർഷത്തിലേക്ക് നയിക്കുന്ന സമൂഹമാദ്ധ്യമ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണം എന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Discussion about this post