സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. റവന്യു അധികൃതര്‍ നല്കുന്ന ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തന്നെ ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടതാണ്. മത,സമുദായ സംഘടനകളുടെ നേതാക്കളോ അധികൃതരോ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വീകാര്യമാവില്ല. നിലവില്‍ ഈ രീതിയില്‍ പ്രവേശനം നേടിയവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്ത റവന്യൂ ഓഫീസില്‍ നിന്ന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ചില കൃസ്ത്യന്‍ മാനേജ്മെന്റുകളുടെ മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം നേടുന്നതിന് നേരത്തേ വികാരി ഉള്‍പ്പെടെയുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാല്‍ മതിയായിരുന്നു. അതേസമയം മുസ്ലീം മാനേജ് മെന്റ് കോളേജുകളില്‍ ഇത് അനുവദനീയമായിരുന്നില്ല. ഇത് വിവേചനമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു സംഘം വിദ്യാര്‍ത്ഥികളും കരുണ മെഡിക്കല്‍ കോളേജ്, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവിറക്കിയത്.
അതേസമയം കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ ഉപസംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി. ഇത് അനുവദനീയമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മുമ്പ് ഇതേ വാദം മുന്നോട്ട് വെച്ചുകൊണ്ട് മാനേജ്മെന്റുകള്‍ പ്രവേശന കമ്മീഷണറെ സമീപിച്ചിരുന്നു. എന്നാല്‍ ഈ വാദം പ്രവേശന കമ്മീഷണര്‍ തള്ളിയപ്പോളാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post