ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മാറ്റമില്ലെന്ന് കെ.എസ്.ആര്.ടി.സി യൂണിയനുകള്‍ വ്യക്തമാക്കി. പണിമുടക്കിനെ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ നിര്ദ്ദേശത്തിനെതിരായിട്ടാണ് യൂണിയനുകളുടെ തീരുമാനം. എന്നാല്‍ തങ്ങള്‍ കോടതി വിധിയെ വെല്ലുവിളിക്കുകയല്ലായെന്ന് സമര സമിതി അറിയിച്ചു. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകുമെന്നും സര്‍ക്കാരിനെ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും അവര്‍ അറിയിച്ചു.
പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എം.ഡി ടോമിന് തച്ചങ്കരി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരത്തില്‍ ഉറച്ച് നില്‍ക്കുമെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. 2018 ഒക്ടോബറില്‍ നടന്ന യോഗത്തില്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന പരാതി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും സമര സമിതി പരാതിപ്പെടുന്നു. കൂടാതെ അപകടത്തില്‍ മരിച്ച ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാത്ത തരത്തില്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കെ.എസ്.ആര്.ടി.സിയില്‍ നടക്കുന്നതെന്നും സമര സമിതി നേതാക്കള്‍ പറയുന്നു.
പണിമുടക്ക് തടഞ്ഞ ഹൈക്കോടതി നാളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ട്രേഡ് യൂണിയന് നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. കേസ് വീണ്ടു പരിഗണിക്കുന്നത് ചൊവ്വാഴ്ചയായിരിക്കും. അതുവരെ പണിമുടക്ക് പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post