ശബരിമല ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി.കേരള ഹൈക്കോടതി ശബരിമല നിരീക്ഷണ സമിതിയെ നിയമിച്ചത് ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയും ഹൈക്കോടതി പരിഗണിച്ചില്ല. ഇതേ തുടര്‍ന്ന് ഈ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ശബരിമലയും ആയി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ രണ്ട് ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. നിരീക്ഷണ സമതിയെ നിയമിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ഹൈക്കോടതിയെ തന്നെ സമീപിക്കാം എന്നും സുപ്രിംകോടതി പരാമര്‍ശം. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേട്ട് വിധി പറയാനായി മാറ്റിവെച്ച് സാഹചര്യത്തില്‍ ഇത്തരം വിഷയത്തില്‍ ഇനി കോടതി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രിംകോടതി അറിയിച്ചു.
ഫെബ്രുവരി 6 ന് ആണ് ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ റിവ്യൂ ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേട്ടത്.യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിക്ക് ശേഷം ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു എന്ന് കോടതിയെ അറിയിച്ച സീനിയര്‍ അഭിഭാഷകന് വിജയ് ഹന്‍സാരിയ ആണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജര്‍ ആയത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് ആര്.വി. ബാബു നല്കിയ പ്രത്യേക അനുമതി ഹര്‍ജിയും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
Discussion about this post