ഡല്‍ഹി : ഐപിഎല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു പിഎസി ചെയര്മാന് പ്രഫ. കെ.വി. തോമസ് എംപി ശരത് പവാര്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ടു വിലക്കേര്‍പ്പെടുത്തിയ താരങ്ങളെ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശരത് പവാറിന്റെ നിര്‍ദേശാനുസരണം കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായും കൂടിക്കാഴ്ച നടത്തും. ഇതിനു പുറമേ രാജ്യസഭ എംപി രാജീവ് ശുക്ല, ലോക്സഭ എംപി ജ്യോതി രാധിത്യ സിന്ധ്യ എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്നും കെ.വി തോമസ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ശ്രീശാന്തിന്റെ വിഷയം ഉന്നയിച്ച് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറുമായി ഫോണില്‍ സംസാരിച്ചിരുന്നു. അടുത്ത ദിവസം ഇദ്ദേഹവുമായും കൂടിക്കാഴ്ച നടത്തുമെന്നും കെ.വി. തോമസ് എംപി അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ചു ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനുമായും ആശയവിനിമയം നടത്തും. ശ്രീശാന്ത് ദേശീയ-അന്തര്‍ദേശീയ ക്രിക്കറ്റില്‍ സജീവമാകണമെന്ന പൊതു വികാരം ഈ വിഷയത്തില്‍ കണക്കിലെടുക്കണമെന്നും കെ.വി. തോമസ് വ്യക്തമാക്കി.
Discussion about this post