ഡൽഹി: ഡൽഹിയില്‍ പ്രകടനപത്രിക പുറത്തുവിട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പ്രസിദ്ധമായ ന്യായ് യോജന ഡൽഹി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാർക്ക് സൗജന്യ ബസ് യാത്രയാണ് പ്രധാന വാഗ്ദാനം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് നഴ്സറി മുതല്‍ പിച്ച്ഡി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാകുമെന്ന വാഗ്ദാനവും പ്രകടനപത്രികയിലുണ്ട്.
എയിംസ് മാതൃകയില്‍ പുതിയ അഞ്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, മലിനീകരണം നിയന്ത്രിക്കാന്‍ ബജറ്റിന്റെ 20 ശതമാനം മാറ്റിവെക്കും. എല്ലാവര്ക്കും 200 യൂണിറ്റ് വരെയുള്ള വൈദ്യുതിയും സൗജന്യമാക്കും. ഡൽഹി കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്ര, ആനന്ദ് ശര്‍മ, അജയ് മാക്കന് എന്നിവര്‍ ചേര്‍ന്നാണ് ഡൽഹി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിയത്. അതേസമയം ഡൽഹിയില്‍ അധികാരം ലഭിച്ചാല്‍ പൗരത്വ ഭേദഗതി നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും, എന്‍ആര്‍സി, എന്‍പിആര്‍ ഡൽഹിയില്‍ നടപ്പാക്കില്ലെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
നേരത്തെ ആംആദ്മി പാര്‍ട്ടിയുടെയും ബിജെപിയുടെയും പ്രകടന പത്രിക നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എഎപിയുടെ പ്രകടപത്രികയുമായി ഏറെ സാമ്യമുണ്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയ്ക്ക്. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി നേരത്തെ തന്നെ ഡൽഹിയില്‍ എഎപി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്.
സിഎഎയെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് വഴി മുസ്ലീം വോട്ടുകളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടക്കം വോട്ടുശതമാനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് മുസ്ലീം വോട്ടുകളായിരുന്നു. എഎപി സിഎഎയില്‍ മൗനം പാലിക്കുന്നതും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
Discussion about this post