പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നീക്കത്തിനെതിരെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിക്ക് കത്തയച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി. പൗരത്വ ഭേദഗതി നിയമം സംസ്ഥാന നിയമസഭയില്‍ ചോദ്യം ചെയ്യാനോ ചര്‍ച്ച ചെയ്യാനോ കഴിയില്ലെന്ന് കിരണ്‍ ബേദി കത്തിലൂടെ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ചര്‍ച്ച ഭരണഘടനാ ലംഘനമാണെന്നും പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഈ നീക്കത്തിനെതിരെ നടപടിയെടുക്കാന്‍ മൂന്ന് എംഎല്‍എമാര്‍ തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും കിരണ്‍ ബേദി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പിലാണ്. അതുകൊണ്ട് പ്രമേയം പാസാക്കുന്നത് നിയമപരമല്ലെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ കത്തിൽ വ്യക്തമാക്കി.
ഫെബ്രുവരി 12 ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാനായിരുന്നു പുതുച്ചേരി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പാര്‍ലമെന്റില്‍ പാസാക്കിയ സിഎഎയെ ചോദ്യം ചെയ്യാനോ ഒരു രീതിയിലും ചര്‍ച്ച ചെയ്യാനോ കഴിയില്ലെന്ന് കിരണ്‍ ബേദി, നാരായണ സ്വാമിക്ക് അയച്ച കത്തില്‍ പറയുന്നു.
അതേസമയം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ശേഷം ഇത് ആദ്യമായാണ് ഒരു ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
Discussion about this post