ഡല്‍ഹി: ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കി.
പാര്‍ട്ടിയുടെ വികസന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിച്ച പ്രകടന പത്രിക സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്കുന്നതു കൂടിയാണെന്നാണ് ആംആദ്മിയുടെ വാദം. വൈദ്യുതി, വെള്ളം തുടങ്ങി ഡല്‍ഹിയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും പ്രകടന പത്രികയില്‍ വിഷയമാകും.
രാജ്യത്ത് മികച്ച മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമുള്ള സുരക്ഷ ശക്തമാക്കും. ഓരോ വാര്‍ഡിലെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനും നടപ്പാക്കാനുമായി 3000 ‘മൊഹല്ല സഭകള്‍’ രൂപകരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.ലോക്പാല്‍ ബില്‍ വരുന്നതോടെ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും അന്വേഷണത്തിനു വിധേയമാക്കുമെന്നും അഴിമതിയെക്കുറിച്ച് വിവരം നല്കുന്നവരെയും വിശ്വസ്തരായ സര്‍ക്കാര്‍ ജീവനക്കാരെയും സംരക്ഷിക്കുമെന്നും വാഗ്ദാനങ്ങളുണ്ട്.
പ്രധാന തീരുമാനങ്ങളിലെല്ലാം പൊതുജനപങ്കാളിത്തം ഉറപ്പാക്കി വോട്ടര്‍മാരെ ശക്തിപ്പെടുത്തും. സ്ത്രീകള്‍ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കും. വര്‍മ്മ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്തും, പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടികളെടുക്കും, സ്വയംതൊഴില്‍ സംരംഭകര്‍ക്ക് കുറഞ്ഞ പലിശയില്‍ ലോണ്‍ നല്‍കും, തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍.
ത്രികോണ മത്സരം നടക്കുന്ന ഡല്‍ഹിയില്‍ പ്രകടന പത്രികയില്ലാതെയാണു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വികസന വീക്ഷണ രേഖയായിരിക്കും ഇത്തവണ പുറത്തിറക്കുകയെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.അതേസമയം കോണ്‍ഗ്രസ് പ്രകടന പത്രിക നേരത്തേ പുറത്തിറക്കിയിരുന്നു.
Discussion about this post