ദുബായ്: ദുബായ് ബീച്ചില്‍ മക്കള്‍ക്കും ഭാര്യക്കുമൊപ്പം ചെലവഴിക്കാന്‍ വന്ന ഏഷ്യന്‍ വംശജന് അബദ്ധത്തില്‍ വെള്ളത്തില്‍ അകപ്പെട്ട മകളെ രക്ഷാസേന രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് തടഞ്ഞു. അന്യപുരുഷന് സ്പര്‍ശിക്കുന്നതിലും ഭേധം മകള്‍ മരിക്കുന്നതാണ് നല്ലതെന്നാണ് പിതാവിന്റെ വാദം. പിതാവിന്റെ അനാവശ്യ വാശി 20കാരിയായ മകളുടെ ജീവനെടുത്തു. ദുബായ് പൊലീസിന്റെ സെര്‍ച്ച് ആന്റ് റെസ്ക്യൂ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ ലെഫ്റ്റനന്റ് കേണല്‍ അഹ്മദ് ബര്ഖിബാ ദുബായിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്.എന്നാല്‍ ഇത് എന്നാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സംഭവമെന്നാണ് ഉദ്യോഗസ്ഥന് ഇതിനെ വിശേഷിപ്പിച്ചത്. ഏഷ്യന്‍ വംശജന്റെ മക്കള്‍ കടലില്‍ നീന്തുന്നതിനിടെ 20കാരിയായ ഒരു മകള്‍ മുങ്ങിപ്പോകുകയായിരുന്നു. രക്ഷപ്പെടുത്താന്‍ കുട്ടി നിലവിളിച്ചെങ്കിലും ആ സമയം ബിച്ചില്‍ ഉണ്ടായിരുന്ന സുരക്ഷാസേനയെ പിതാവ് കുട്ടിയുടെ അടുത്തേയ്ക്ക് വിട്ടില്ല. അന്യപുരുഷന് തന്റെ മകളെ സ്പര്‍ശിച്ചാല്‍ അത് പിന്നീട് അവള്‍ക്ക് അപമാനമായി മാറുമെന്നായിരുന്നു പിതാവിന്റെ വിശ്വാസം. ‘അയാള്‍ വളരെ നീളം കൂടിയതും ശക്തനുമായിരുന്നു. അതിനാല്‍ കുട്ടിയെ രക്ഷപ്പെടുത്താനെത്തിയവരെ അയാള്‍ പിറകോട്ട് തള്ളിമാറ്റുകയും അവര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്തു. അന്യപുരുഷന് തൊടുന്നതിലും ഭേദമാണ് മകള്‍ മരിക്കുന്നതെന്ന് അയാള്‍ വിശ്വസിച്ചു. ഈ തര്‍ക്കങ്ങള്‍ കാരണം ഏറെ താമസിയാതെ കുട്ടി മുങ്ങിമരിക്കുകയായിരുന്നു’ബര്ഖിബാ പറഞ്ഞു. പിന്നീട് ദുബായ് പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അഹമ്മദ് ബര്ഖിബാ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post