തിരുവനന്തപുരം: ടെലി മെഡിസിന് പദ്ധതിയായ ക്വിക്ക് ഡോക്ടറില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ വിശദാംശങ്ങള്‍ ചോര്‍ത്താം എന്ന് തെളിവു സഹിതം ചൂണ്ടിക്കാട്ടി ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ബ്ലഡ്ഗ്രൂപ്പ് അടക്കമുള്ള വിശദാംശങ്ങള്‍ സുരക്ഷിതമല്ലെന്നാണ് അദ്ദേഹം പറയുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ജനങ്ങള്‍ക്ക് ആശുപത്രിയിലെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ടെലി മെഡിസിന് സേവനത്തിനായി ക്വിക്ക് ഡോക്ടര്‍ ആപ്പുമായി സര്‍ക്കാര്‍ സഹകരിച്ചത്. വലിയ സാങ്കേതിക വിദ്യകളുടെയൊന്നും സഹായം ഇല്ലാതെ തന്നെ ചെറിയ ഹാക്കിംഗ് ടൂളുകള്‍ ഉപയോഗിച്ച് ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയും എന്നതിന് തെളിവായി തങ്ങള്‍ ഹാക്ക് ചെയ്ത വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കൊറോണ നെഗറ്റീവായ യുവതിയുടെ വിവരങ്ങള്‍ ചോര്‍ന്നത് ടെലി മെഡിസിനുമായി ബന്ധപ്പെട്ട് നടത്തിയ കണ്സള്ട്ടേഷന് ശേഷമാണ്. ടെലി മെഡിസിന് സേവനവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്ന രേഖകളാണ് ബി.ജെ.പി. ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
കൊറോണ സമയത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗപ്പെടുത്തിയ ആപ്പായിരുന്നു ക്വിക്ക് ഡോക്ടര്‍ ആപ്പ്. നോര്‍ക്കയുടെ വെബ്സൈറ്റ് വഴിയും ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു.
നേരത്തേ ആപ്പിലെ വിവരങ്ങള്‍ ചോരാനുള്ള സാധ്യത പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സംസ്ഥാന ഡേറ്റ സെന്ററിലാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്നും ചോരില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.
Discussion about this post