കാസർകോട്: കാഞ്ഞങ്ങാട് നിന്നും ഉത്തർപ്രദേശിലേക്ക് ഇന്ന് പുറപ്പെടാനിരുന്ന പ്രത്യേക ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. ഇന്ന് രാത്രി 9 മണിക്കായിരുന്നു ട്രെയിൻ യാത്ര പുറപ്പെടേണ്ടിയിരുന്നത്. കേരള സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ട്രെയിൻ റദ്ദാക്കിയതെന്ന് ഇന്ത്യൻ റെയിൽവേ വിശദീകരിച്ചു. ഇതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് വേണ്ടി കാത്തിരുന്ന നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ നിരാശരായി.
1200 തൊഴിലാളികളായിരുന്നു പ്രത്യേക ട്രയിനിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. ഇവർക്കാണ് തീരുമാനം ഇരുട്ടടിയായിരിക്കുന്നത്. അതേസമയം എഞ്ചിൻ തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്ന് ചില ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
എന്നാൽ എൻജിൻ തകരാറല്ല ട്രെയിൻ റദ്ദാക്കാൻ കാരണമെന്നും കേരള സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ട്രെയിൻ റദ്ദാക്കിയതെന്നും ഇന്ത്യൻ റെയിൽവേ ആവർത്തിച്ച് വ്യക്തമാക്കുന്നു. ഇന്ന് രാത്രി 11.30 ന് കാഞ്ഞങ്ങാട് നിന്നും ബിഹാറിലേക്കുള്ള ശ്രമിക് ട്രയിൻ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.
Discussion about this post