തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 21 ാം പ്രതി കുന്നുമ്മല്‍ വീട്ടില്‍ റിജേഷിന്റെ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ (അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി) നിന്നു മനോജ് വധക്കേസ് തലശേരി സെഷന്‍സ് കോടതിയിലേക്കു മാറ്റിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു കേസിലെ പ്രതിയുടെ ജാമ്യഹര്‍ജിയില്‍ സെഷന്‍സ് ജഡ്ജി നാരായണ പിഷാരടി വിധി പറഞ്ഞത്.
സുപ്രീംകോടതി സ്റ്റേ സംബന്ധിച്ച ഉത്തരവിന്റെ ഇ-കോപ്പി സിബിഐക്കു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.തങ്കച്ചന് മാത്യു സെഷന്‍സ് കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍, സര്‍ട്ടിഫൈഡ് കോപ്പി ഹാജരാക്കണമെന്നു കോടതി വാക്കാല്‍ നിര്‍ദേശം നല്കി. ഇതോടെ കേസന്വേഷണവുമായി സിബിഐ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കേസിന്റെ തുടര്‍നടപടികള്‍ ഏതു കോടതിക്കു മുമ്പാകെയാണു നടക്കുകയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഇനി കേസിന്റെ നടപടികള്‍ നടക്കുകയെന്നും തലശേരി സെഷന്‍സ് കോടതിയില്‍നിന്നു ഫയലുകള്‍ കൊച്ചിയിലെ കോടതിയിലേക്കു മാറ്റുകയാണു സുപ്രീംകോടതി ഉത്തരവ് പ്രകാരം ചെയ്യേണ്ടതെന്നുമാണു സിബിഐ വൃത്തങ്ങള്‍ പറയുന്നത്.
Discussion about this post