തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വര്‍ക്ഷോപ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ നിലപാടുമായി സിപിഎം ജില്ലാ നേതൃത്വം. പാര്‍ട്ടിയില്‍ നിന്നു വിവരം തേടിയോ വിശ്വാസത്തിലെടുത്തോ അല്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്.
ചടങ്ങില്‍ അധ്യക്ഷനായി നിശ്ചയിച്ചിരുന്നതു മുന്‍മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരനെയാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പങ്കെടുക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. സഭാധ്യക്ഷനായ സ്പീക്കര്‍ ഉച്ചയ്ക്കു പോയി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍ ശ്രീരാമകൃഷ്ണന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കുമ്പോഴും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന വിലയിരുത്തലാണു പാര്‍ട്ടിക്കുള്ളത്.
കഴിഞ്ഞ ഡിസംബര്‍ 31നു 9.30നു നിശ്ചയിച്ചിരുന്ന ചടങ്ങ് സ്പീക്കറുടെ സൗകര്യാര്‍ഥം ഉച്ചയോടെയാണു നടന്നത്.
സഭാസമ്മേളനം നടക്കുന്ന സമയത്ത് 15 കിലോമീറ്ററകലെ ഇങ്ങനെയൊരു സ്വകാര്യചടങ്ങ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണു നേതൃത്വത്തിനുള്ളത്. വിവാദം ഉയര്‍ന്നതോടെ ജില്ലാ നേതൃത്വത്തില്‍ നിന്നു സംസ്ഥാന നേതൃത്വം വിവരം തേടിയിരുന്നു.
Discussion about this post